വയനാട്ടിൽ വീണ്ടും കടുവയിറങ്ങി

വയനാട്: പുല്‍പള്ളിയില്‍ വീണ്ടും കടുവയിറങ്ങി. കഴിഞ്ഞ ദിവസം പശുക്കിടാവിനെ കൊന്ന താന്നിതെരുവിനടുത്ത വെള്ളക്കെട്ടിലാണ് കടുവയെ കണ്ടത്. ജനവാസ മേഖലയാണിത്. രാവിലെ ഏഴിന് മേത്രട്ടയില്‍ സജിയുടെ റബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് ആദ്യം കടുവയെ കണ്ടത്.
വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനപാലകരെത്തി തോട്ടത്തില്‍ പരിശോധന നടത്തുന്നതിനിടെ ഇവരും കടുവയെ കാണുകയായിരുന്നു. കടുവക്കായി തിരച്ചില്‍ ആരംഭിച്ചു. കടുവശല്യത്തിനെതിരെ പുല്‍പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തും.
കഴിഞ്ഞ ദിവസം പശുക്കിടാവിനെ കൊന്ന താന്നിതെരുവില്‍ നിന്ന് അധികം ദൂരെയല്ലാത്ത സ്ഥലമാണിത്. ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ച് പിടികൂടണമെന്നാണ് ആവശ്യം. പഴശിരാജ കോളജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ പരിസരത്തുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിരുന്നു. നിരീക്ഷണ കാമറകളും ഇവിടെ വച്ചിട്ടുണ്ട്.