കള്ള് ചെത്തിയിറക്കും സാപ്പര്‍മെഷീന്‍; നിയന്ത്രണം സ്മാര്‍ട്ട് ഫോണില്‍, ആവശ്യക്കാരേറെ

Share our post

കളള് ചെത്താന്‍ ഇനി തെങ്ങില്‍ കയറേണ്ട, സാപ്പര്‍ ചെത്ത് മെഷീന്‍ എന്ന മിനി റോബോട്ടിന്റെ സഹായത്തോടെ മുകളില്‍ നിന്നും താഴേക്ക് കള്ള് ട്യൂബ് വഴി എത്തും. കളമശ്ശേരിയിലെ നവ ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന്‍ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഈ മിനി റോബോട്ടിനെ നിര്‍മിച്ചത്. 25,000 രൂപവില വരുന്ന മെഷീന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നാണ് വിലയിരുത്തല്‍.

കുട്ടനെല്ലൂരിലെ കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് കമ്പനിയുടെ നീര ഉത്പാദന യൂണിറ്റ് സ്വന്തം തോട്ടത്തില്‍ രണ്ടുമാസം മുമ്പാണ് നാല് സാപ്പര്‍ മെഷീനുകള്‍ സ്ഥാപിച്ചത്. നീര ചെത്തി താഴെയെത്തിക്കുന്ന ഈ മെഷീനുകളുടെ പ്രവര്‍ത്തനം ഇഷ്ടപ്പെട്ടതോടെ 100 മെഷീനുകള്‍ക്ക് കൂടി ഓര്‍ഡര്‍ കൊടുത്തതായി കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് കമ്പനി ചെയര്‍മാനും റിട്ട. അധ്യാപകനുമായ ഇ.വി. വിനയന്‍ പറഞ്ഞു

മറ്റുപല രാജ്യങ്ങളില്‍ നിന്നും സാപ്പര്‍ ചെത്ത് മെഷീന് വേണ്ടി ആവശ്യക്കാരെത്തുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ 28 രാജ്യങ്ങളില്‍ കമ്പനി പേറ്റന്റ് എടുത്തിട്ടുണ്ട്. മെഷീന്‍ കുലയില്‍ ഘടിപ്പിക്കാന്‍ മാത്രം തെങ്ങില്‍ കയറിയാല്‍ മതി. സ്മാര്‍ട്ട് ഫോണ്‍ വഴി പ്രോഗ്രാം നടത്തിയാണ്ബാക്കി പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ഇത്തരത്തില്‍ ഒരു കുല ചെത്തി തീരുന്നതുവരെ പിന്നെ തൊഴിലാളിക്ക് തെങ്ങില്‍ കയറേണ്ടിവരില്ല.

ബാറ്ററി ചാര്‍ജില്‍ പ്രവര്‍ത്തിക്കുന്ന സാപ്പര്‍ മെഷീനായി കുറഞ്ഞ അളവിലേ വൈദ്യുതി ചിലവാകുള്ളൂ. സോളാറിലും പ്രവര്‍ത്തിപ്പിക്കാം. 10 മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു മാസം ഒരു യൂണിറ്റ് വൈദ്യുതി മതിയാകും. ദിവസം രണ്ടു തവണ താഴെ നിന്ന് ചൂടുവെള്ളം ട്യൂബ് വഴി പമ്പ് ചെയ്ത് മെഷീന്‍ വൃത്തിയാക്കണം. നീരയാണെങ്കില്‍ മൂന്ന് തവണ ശുചീകരിക്കണം.

ഉത്പാദനത്തിന്റെ അളവനുസരിച്ച് രണ്ടുമാസം വരെ ഒരു കുലയില്‍ നിന്നും നീരെടുക്കാം. മെഷീനില്‍ കുല മാറ്റി സ്ഥാപിക്കാന്‍ മാത്രമേ വീണ്ടും കയറേണ്ടതുള്ളൂ. സാധാരണ നിലയില്‍ കള്ള് ചെത്തുന്നത് തൊഴിലാളികളാണെങ്കില്‍ ഒരു ദിവസം മൂന്ന് പ്രാവശ്യം വരെ തെങ്ങില്‍ കയറിയിറങ്ങേണ്ടി വരാറുണ്ട്.

കര്‍ഷകര്‍ക്ക് സാപ്പര്‍മെഷീന്‍ ഉപയോഗിച്ച് നീര പോലുള്ള ഉത്പന്നങ്ങളും മറ്റും ഉത്പാദിപ്പിക്കുന്നതിന് നിലവില്‍ നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ നിയമങ്ങള്‍ ലഘൂകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് സ്റ്റാര്‍ട്ടപ്പ് കമ്പനി ഫൗണ്ടറും സി.ഇ.ഒയുമായ ചാള്‍സ് വിജയ് വര്‍ഗീസ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!