പഴശ്ശി കനാൽവഴി വെളളം കുതിച്ചൊഴുകി: പ്രതീക്ഷിച്ചതിലും വേഗത്തിൽ

ഇരിട്ടി : പഴശ്ശി പദ്ധതിയുടെ പുനർജനി സാധ്യമാകുമെന്ന് പ്രതീക്ഷയുണർന്നു. പദ്ധതിയുടെ പ്രധാന കനാൽവഴി വെള്ളം ഒഴുക്കാനുള്ള ശ്രമത്തിന് ബുധനാഴ്ച തുടക്കംകുറിച്ചു. കനാൽവഴി വെള്ളം കുതിച്ചൊഴുകിയതോടെ 46.5 കിലോമീറ്റർ കനാലിന്റെ ശേഷി പരിശോധിക്കാനുള്ള ശ്രമത്തിന്റെ ആദ്യദിനം വിജയം.
കോടികൾ മുടക്കി കനാൽ നവീകരിച്ചതിന് ശേഷമുള്ള ആദ്യ പരീക്ഷണമാണിത്. രാവിലെ 9.45 ഓടെ പദ്ധതിയിൽ നിന്ന് കനാലിലേക്കുള്ള മൂന്ന് ഷട്ടറുകളും 10 സെന്റിമീറ്റർ വീതം ഉയർത്തി. ഒന്നര മണിക്കൂർകൊണ്ട് രണ്ട് കിലോമീറ്റർ വെള്ളം ഒഴുകിയെത്തി. ഇത് പ്രതീക്ഷിച്ചതിലും വളരെ വേഗത്തിലായിരുന്നു.
ആദ്യദിനം 24 മണിക്കൂർക്കൊണ്ട് 15 കിലോമീറ്ററെങ്കിലും വെള്ളം എത്തിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ. എന്നാൽ ഷട്ടർ തുറന്ന് ആറ് മണിക്കൂറിനുള്ളിൽത്തന്നെ പത്ത് കിലോമീറ്റർ പിന്നിട്ടു. കഴിഞ്ഞവർഷം മേയിൻ കനാൽവഴി 13.5 കിലോമീറ്റർ വെള്ളം എത്തിക്കുന്നതിന് ഒരാഴ്ചയോളം എടുത്തിരുന്നു. ഇത്തവണ പഴശ്ശി പദ്ധതി മുതൽ പറശ്ശിനിക്കടവ് നീർപ്പാലംവരെയുള്ള 46.5 കിലോമീറ്റർ വെള്ളം എത്തുന്നതിന് കുറഞ്ഞത് ഏഴ് ദിവസമെങ്കിലും എടുക്കുമെന്നായിരുന്നു കണക്കുകൂട്ടിയത്.
എന്നാൽ വ്യാഴാഴ്ച രാവിലെയോടെ 25 കിലോമീറ്ററെങ്കിലും പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേനില തുടർന്നാൽ മൂന്ന് ദിവസം കൊണ്ട് തന്നെ പറശ്ശിനിക്കടവ് നീർപ്പാലം എന്ന ലക്ഷ്യസ്ഥാനത്ത് എത്തും. അതിനുശേഷം മാത്രമേ മാഹി ഉപകനാൽ വഴി വളയാൽമുതൽ പാത്തിപ്പാലംവരെയുള്ള 16 കിലോമീറ്റിലേക്ക് വെള്ളമെത്തൂ.
കനാലിന്റെ ശേഷി പരിശോധനയ്ക്ക് പഴശ്ശി ജലസേചന വിഭാഗം സൂപ്രണ്ടിങ് എൻജിനിയർ എസ്.കെ. രമേശൻ, എക്സിക്യൂട്ടീവ് എൻജിനിയർ ജയരാജൻ കാണിയേരി, അസി. എക്സിക്യൂട്ടീവ് എൻജിനിയർ കെ. സന്തോഷ്, അസി. എൻജിനിയർമാരായ എസ്. സിയാദ്, പി.വി. മഞ്ജുള, ഇരിട്ടി നഗരസഭാ അംഗം എം. ബഷീർ തുടങ്ങിയവർ പങ്കെടുത്തു.