റിസർവ് ബാങ്ക് നടപടി: വാഹനങ്ങളിലെ പേ.ടി.എം ഫാസ്റ്റാഗുകള്‍ക്ക് എന്ത് സംഭവിക്കും? ഇപ്പോഴുള്ള ബാലൻസ് എന്ത് ചെയ്യും?

Share our post

ന്യൂഡല്‍ഹി: പ്രമുഖ പേയ്മെന്റ് കമ്പനിയായ പേ.ടി.എം പേയ്മെന്റ്സ് ബാങ്കിനെതിരെ കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് കര്‍ശന നടപടി സ്വീകരിച്ച പശ്ചാത്തലത്തിൽ വാഹനങ്ങളിൽ പേ.ടി.എം ഫാസ്റ്റാഗുകള്‍ ഉള്ളവര്‍ അത് പ്രവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ്. ഫെബ്രുവരി 29 മുതല്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും വാലറ്റുകള്‍, പ്രീപെയ്ഡ് സംവിധാനങ്ങള്‍, ഫാസ്റ്റാഗുകള്‍ തുടങ്ങിയവയിൽ പണം സ്വീകരിക്കുന്നതിനും പേ.ടി.എം പേയ്മെന്റ്സ് ബാങ്കിന് റിസര്‍വ് ബാങ്കിന്റെ വിലക്കുണ്ട്. ഈ സാഹചര്യത്തിൽ ഉപഭോക്താക്കളുടെ ആശങ്ക കണക്കിലെടുത്ത് ഫാസ്റ്റാഗുകളുടെ കാര്യത്തിൽ പ്രത്യേക വിശദീകരണവുമായി കമ്പനി രംഗത്തെത്തി.

പേ.ടി.എം ഫാസ്റ്റാഗുകളുടെ പ്രവര്‍ത്തനം നിലയ്ക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം കമ്പനി പൂര്‍ണമായി നിഷേധിച്ചു. പേ.ടി.എം പേയ്മെന്റ്സ് ബാങ്കിന് അക്കൗണ്ടുകളിലും വാലറ്റുകളിലും ഫാസ്റ്റാഗുകളിലും നാഷണൽ കോമൺ മൊബിലിറ്റി കാര്‍ഡ് അക്കൗണ്ടുകളിലും പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനാണ് റിസര്‍വ് ബാങ്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാൽ നിലവിലുള്ള അക്കൗണ്ട് ബാലന്‍സ് ഉപയോഗിക്കുന്നതിന് യാതൊരു തടസവുമുണ്ടാവില്ല.

പേ.ടി.എം ഫാസ്റ്റാഗുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. ഫാസ്റ്റാഗുകളിൽ നിലവിലുള്ള ബാലന്‍സ് തീരുന്നത് വരെ ടോൾ പ്ലാസകളിലും മറ്റും അത് ഉപയോഗിക്കുകയും ചെയ്യാം. അതേസമയം മറ്റ് ബാങ്കുകളുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത തരത്തിൽ പ്രവര്‍ത്തനം തുടരാനുള്ള വഴികള്‍ പേ.ടി.എം സ്വീകരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കമ്പനി പുറത്തിറക്കിയ അറിയിപ്പുകളിലും ഇത് സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി മറ്റ് ബാങ്കുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്യത്തിൽ നടപടികള്‍ പുരോഗമിക്കുകയാണെന്നും പുതിയ സാഹചര്യത്തിൽ അത് വേഗത്തിലാക്കുമെന്നും പേ.ടി.എം അറിയിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!