ഏഴുമാസം പ്രായമായ മകനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

ഇടുക്കി: ഏഴുമാസം പ്രായമായ മകനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. മുരിക്കാശേരി തോപ്രാംകുടിയിലാണ് ഇന്നു പുലര്‍ച്ചെ ദാരുണ സംഭവുണ്ടായത്. തോപ്രാംകുടി സ്കൂള്‍ സിറ്റി സ്വദേശിനി പുത്തന്‍പുരയ്ക്കല്‍ ഡീനു ലൂയിസ് (37) ആണ് ജീവനൊടുക്കിയത്.
പുലര്‍ച്ചെ വീടിനുള്ളില്‍ ഗുരുതരാവസ്ഥയില്‍ കണ്ട ഇരുവരെയും ബന്ധുക്കള്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഡീനുവിന്റെ ഭര്‍ത്താവ് അഞ്ചുമാസം മുമ്പ് ജീവനൊടുക്കിയിരുന്നു. ഇതേത്തുടര്‍ന്ന് യുവതിക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായാണ് ബന്ധുക്കള്‍ പോലീസില്‍ നല്കിയ വിവരം.
പുലര്‍ച്ചെ അമ്മയുമായി വാക്കുതര്‍ക്കമുണ്ടായ ശേഷം യുവതി മുറിക്കുള്ളില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. അമ്മ വിവരമറിയിച്ചതിനെ തുടർന്ന് അയൽക്കാർ ഓടിയെത്തി വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് കുഞ്ഞിനെയും യുവതിയെയും അബോധാവസ്ഥയിൽ കാണുന്നത്.
മുരിക്കാശേരി പോലീസ് സംഭവ സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആസ്പത്രിയിൽ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.