ചിത്രം പകർത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴക്ക്

വയനാട്: വയനാട് മുത്തങ്ങ-ബന്ദിപുര്‍ ദേശീയപാതയില്‍ വനത്തിനുള്ളിൽ കാറില്‍ നിന്നിറങ്ങി ദൃശ്യം പകര്‍ത്തുന്നതിനിടെ യാത്രക്കാർക്ക് നേരെ കാട്ടാനയുടെ ആക്രമണം.
ഗുണ്ടല്‍പ്പേട്ട് ഭാഗത്തേക്ക് പോയിരുന്ന കാറില്‍ നിന്ന് രണ്ട് പേര് ഇറങ്ങി ആനകളുടെ ദൃശ്യം പകര്‍ത്തുകയായിരുന്നു. കൂട്ടത്തില്‍ നിന്ന ഒരു പിടിയാന പെട്ടെന്ന് ഓടിയടത്തു. ആനയിൽനിന്നും രക്ഷപ്പെടാനായി ഓടുന്നതിനിടെ ഇതിൽ ഒരാള്‍ നിലത്ത് വീഴുകയും ഇയാളെ ആന തൊഴിക്കുകയും ചെയ്തു.
ഇതിനിടെ എതിർ ഭാഗത്തുനിന്നും മറ്റൊരു വാഹനം വന്നതോടെ ആന തിരിച്ച് കാട്ടിലേക്ക് മടങ്ങി. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തലപ്പുഴ കണ്ണോത്തുമല സ്വദേശി സവാദ് ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. അതേസമയം യാത്രക്കാരുടെ വിവരങ്ങൾ ലഭ്യമല്ല.