ഭര്‍ത്താവ് മരിച്ച യുവതിയുടെ 32 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാനുള്ള അപേക്ഷ തള്ളി
ന്യൂഡല്‍ഹി: ഒക്ടോബറില്‍ ഭര്‍ത്താവ് മരിച്ച 26-കാരിയുടെ 32 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാനുള്ള അപേക്ഷ സുപ്രീംകോടതി തള്ളി. ഗര്‍ഭസ്ഥ ശിശുവിന് പ്രശ്‌നങ്ങളുള്ളതായി മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിട്ടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. 32 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാനാവില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് പറയുന്നു. രണ്ടാഴ്ചത്തെ പ്രശ്‌നമേയുള്ളുവെന്നും അത് കഴിഞ്ഞാല്‍ ദത്ത് നല്‍കിക്കൂടേയെന്നും ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ച് ചോദിച്ചു.
യുവതി പ്രസവിക്കുകയാണെങ്കില്‍ അത് അവരുടെ ഇഷ്ടത്തോടെയായിരിക്കില്ലെന്നും ജീവിതത്തിലുടനീളം അവര്‍ക്കത് പ്രശ്‌നമുണ്ടാക്കുമെന്നും ഹര്‍ജിക്കാരിക്ക് വേണ്ടി അഡ്വ. അമിത് മിശ്ര വാദിച്ചു. എന്നാല്‍, ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി അപേക്ഷ തള്ളിയതെന്നും മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായമേ പരിഗണിക്കാനാകൂവെന്നും സുപ്രീംകോടതി വ്യക്തമാക്കി.