3,141 കോടി രൂപയുടെ ഹൈ റിച്ച് നിക്ഷേപത്തട്ടിപ്പ്: പരാതികളേറെ, കേസെടുക്കാനാകാതെ പൊലീസ്

കണ്ണൂർ : ഹൈ റിച്ച് കമ്പനി 3,141 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചെന്നു മുഖ്യമന്ത്രി പറയുമ്പോഴും നിക്ഷേപത്തട്ടിപ്പു സംബന്ധിച്ച പരാതികളിൽ കേസെടുക്കാനാകാതെ പൊലീസ്. സംസ്ഥാനത്തെ ഒട്ടേറെ പൊലീസ് സ്റ്റേഷൻ പരിധികളിൽ നൂറുകണക്കിനാളുകൾ ഹൈ റിച്ചിന്റെ നിക്ഷേപത്തട്ടിപ്പിനിരയായിട്ടുണ്ട്.
എന്നാൽ, ചേർപ്പ്, ബത്തേരി, എറണാകുളം ടൗൺ പൊലീസ് സ്റ്റേഷനുകളിൽ മാത്രമാണ് ഇതിനകം കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൊച്ചി സെഷൻസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലുള്ളത്.
ബഡ്സ് ആക്ട് (ബാനിങ് ഓഫ് അൺ റഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീംസ് ആക്ട്) പ്രകാരം പ്രതികളുടെ സ്വത്ത് പൂർണമായും കണ്ടുകെട്ടണമെങ്കിൽ, പൊലീസ് കേസെടുക്കേണ്ടത് അനിവാര്യമാണ്. രേഖാമൂലം പരാതി ലഭിക്കുന്നില്ലെന്നും പരാതി നൽകിയവർ മൊഴി നൽകുന്നില്ലെന്നുമാണു പൊലീസിന്റെ വിശദീകരണം. ഹൈ റിച്ച് കമ്പനി സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി 3,141 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ടി.ജെ.വിനോദ് എം.എൽ.എയെ മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചിരുന്നു.
1,157 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. കമ്പനിയുടെ പേരിലുള്ള 212 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാനാണ് ഇതുവരെ നടപടി സ്വീകരിച്ചത്.പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ പരാതിയിൽ പറഞ്ഞ പ്രകാരമുള്ള തുക മാത്രമേ ബഡ്സ് ആക്ട് പ്രകാരം സ്വത്ത് കണ്ടുകെട്ടി തിരിച്ചുപിടിക്കാൻ സാധിക്കൂ.
പൊലീസ് കേസെടുത്ത് നഷ്ടപരിഹാരത്തുകയും പ്രതികളുടെ കണ്ടുകെട്ടാവുന്ന സ്വത്തു സംബന്ധിച്ച വിവരങ്ങളും ബഡ്സ് ആക്ടിന്റെ സംസ്ഥാനതല ചുമതലയുള്ള ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനു നൽകണം.മണിചെയിൻ മാതൃകയിൽ നടന്ന തട്ടിപ്പിൽ, ഉടമകളുടേതു കൂടാതെ ആദ്യഘട്ടത്തിൽ ലാഭമുണ്ടാക്കിയ നിക്ഷേപകരുടെ സ്വത്ത് കണ്ടുകെട്ടാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
ഇതിന്, പൊലീസ് കേസെടുക്കുന്നതു മുതലുള്ള നടപടിക്രമങ്ങൾ വൈകരുത്. പൊലീസിൽ പരാതി നൽകിയാൽ നഷ്ടപരിഹാരം ലഭിക്കില്ലെന്നു കമ്പനിയുമായി ബന്ധപ്പെട്ടവർ വ്യാപകമായി പ്രചരിപ്പിക്കുന്നതു കണ്ടുകെട്ടൽ നടപടിക്രമങ്ങൾ വൈകിപ്പിക്കാനാണെന്നും ആക്ഷേപമുണ്ട്.