പഴശ്ശി: ഒരു മാസത്തിനകം മുഴുവൻ ഭാഗത്തും വെള്ളമെത്തിക്കാനാകുമെന്ന് പ്രതീക്ഷ

പഴശ്ശി: പദ്ധതിയുടെ കീഴിലുള്ള മാഹി ഉപ കനാൽ നവീകരണ പ്രവൃത്തി പുരോഗമിക്കുന്നു. കനാലുകളിൽ കൂടിയുള്ള ജലവിതരണം പുനഃസ്ഥാപിക്കുന്നതിൻ്റെ മുന്നോടിയായി ജനുവരി 31ന് വെള്ളം ഒഴുക്കി ടെസ്റ്റ് റൺ നടത്തും. കുടിവെള്ളക്ഷാമത്തിന് പരിഹാരമാവുകയും കാർഷികാഭിവൃദ്ധിക്ക് വഴിവെക്കുമെന്ന നിലയിലും ജനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് ഇതിനെ കാണുന്നത്. മാഹി ബ്രാഞ്ച് കനാലിൽ നവീകരണ പ്രവൃത്തി പൂർത്തിയായ 16 കിലോമീറ്റർ ഭാഗം വരെ മാത്രമേ ഇപ്പോൾ വെള്ളം എത്തുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു.
പാട്യം കൊട്ടയോടി ഭാഗങ്ങളിൽ ഒരാഴ്ചയ്ക്കകം വെള്ളമെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. കൊട്ടയോടി എൽ.പി. സ്‌കൂളിന് സമീപം കനാൽ നടപ്പാലത്തിന്റെ പണി പുരോഗമിക്കുകയാണ്. നേരത്തേയുള്ള പഴകിയ നടപ്പാലം മാറ്റിപ്പണിയുകയാണിവിടെ. പാലം കോൺക്രീറ്റ് പണി ചൊവ്വാഴ്ച നടക്കും.മഹി ഉപ കനാലിന്റെ ഭാഗമായ പാത്തിപ്പാലം അക്വഡക്റ്റിന്റെറെ (നീർപ്പാലം) നവീകരണ പ്രവർത്തനവും ദ്രുതഗതിയിൽ നടക്കുന്നുണ്ട്. രണ്ടര മാസമായി ഇവിടത്തെ പ്രവൃത്തി തുടങ്ങിയിട്ട്.
390 മീറ്റർ നീളമുള്ള നീർപ്പാലത്തിന് 10 മീറ്റർ വീതം നീളമുള്ള 39 സ്‌പാനുകളാണുള്ളത്. 20 സ്പാനുകളുടെ നവീകരണം പൂർത്തിയായിക്കഴിഞ്ഞു. ബാക്കിയുള്ള 19 സ്പാനുകളുടെ പണി പൂർത്തിയാകാൻ ഒരു മാസത്തോളമെടുക്കും. നീർപ്പാലത്തിലെ തുരുമ്പെടുത്ത് ദ്രവിച്ച കമ്പികൾ മാറ്റിയിട്ട് കോൺക്രീറ്റ് ചെയ്‌ത് ഉറപ്പിച്ചശേഷം പ്ലാസ്റ്റർ ചെയ്യുന്ന പ്രവൃത്തിയാണ് ഇവിടെ നടക്കുന്നത്.പുഴയൊഴുകുന്ന ഭാഗത്ത് നീർപ്പാലത്തിന് ഉയരം കൂടുതലായതിനാൽ പണിക്ക് കാലതാമസം നേരിടുന്നുണ്ട്. പണി പൂർത്തിയായി ഒരു മാസത്തിനകം ഇതിലൂടെ വെള്ളമൊഴുക്കാനാകുമെന്നാണ് പ്രതീക്ഷ.