ഹണിട്രാപ്പ്: 59കാരനിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടി; ദമ്പതികൾ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ

കാസർകോട്: ഹണിട്രാപ്പിലൂടെ അമ്പത്തൊമ്പതുകാരനിൽ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയ കേസിൽ ദമ്പതികൾ ഉൾപ്പെടെ ഏഴംഗ സംഘത്തെ മലാപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ദിൽഷാദ്, സിദ്ദിഖ്, ലുബ്‌ന, ഫൈസൽ എന്നിവരും പേരുവിവരങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലാത്ത മൂന്നു പേരുമാണ് അറസ്റ്റിലായത്. മാങ്ങാട് സ്വദേശിയെ മംഗളൂരുവിൽ എത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. അഞ്ചു ലക്ഷം രൂപ നൽകിയ ശേഷവും ഭീഷണി തുടർന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്.
പരാതിക്കാരനുമായി ഫോണിൽ ബന്ധം സ്ഥാപിച്ച ലുബ്‌ന ജനുവരി 25ന് ലാപ്ടോപ് വാങ്ങാൻ എന്ന വ്യാജേന ഇയാളെ മംഗളൂരുവിലേക്ക് കൊണ്ടുപോവുകയും തുടർന്ന് ഒരു ഹോട്ടൽ മുറിയിൽ എത്തിച്ച് ഒപ്പമുള്ള നഗ്നചിത്രങ്ങൾ പകർത്തുകയുമായിരുന്നു. ഈ ചിത്രങ്ങൾ വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞാണ് ഭീഷണി തുടങ്ങിയത്.
പടന്നക്കാടുള്ള ഒരു വീട്ടിൽ എത്തിച്ച് തന്നെ ബലാത്സംഗം ചെയ്തെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകുമെന്നും ലുബ്‌ന ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. ഇക്കാര്യങ്ങൾ വീട്ടുകാരെയും നാട്ടുകാരെയും അറിയിച്ച് ജീവിതം തകർക്കുമെന്നും ഭീഷണിപ്പെടുത്തി. തടങ്കലിൽ പാർപ്പിച്ച് ദേഹോപദ്രവം ഏൽപിച്ചെന്നും തുടർന്ന് 10,000 രൂപ ഗൂഗിൾ പേ വഴിയും 4,90,000 രൂപ പണമായും കൈക്കലാക്കിയെന്നും പരാതിക്കാരൻ പൊലീസിന് നൽകിയ മൊഴിയിൽ ആരോപിച്ചു.