ആറുവരിയിൽ അതിവേഗം; സർവീസ് റോഡുകളിൽ കെണി

കണ്ണൂർ: കാലാവസ്ഥ അനുകൂലമായതോടെ ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തിയ്ക്ക് വേഗതയേറി. സംസ്ഥാനത്തെ ഒന്നാം റീച്ചായ തലപ്പാടി-ചെങ്കള പാത ഭൂരിഭാഗവും തുറന്നതിന് പിന്നാലെ മറ്റ് റീച്ചുകളിലും നിർമ്മാണം അതിവേഗത്തിലാണ്. എന്നാൽ നിർമ്മാണത്തിനായി ഒരുക്കിയ സർവീസ് റോഡുകളിൽ വാഹനം കുടുങ്ങിയും മറ്റും ഗതാഗത തടസം പതിവായതാണ് യാത്രക്കാരെ വലയ്ക്കുന്നത്.
വടക്കൻ ജില്ലകളിൽ സർവീസ് റോഡുകളിലേക്കുള്ള അടിപ്പാതകൾ മിക്കതും തുറന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി കരാർ ഏറ്റെടുത്ത തലപ്പാടി-ചെങ്കള റീച്ചിൽ 39 കിലോമീറ്റർ പാത വികസനത്തിന് 1749 കോടി രൂപയാണ് കരാർ തുക. അതിൽ 1200 കോടിയോളം രൂപയുടെ പ്രവൃത്തി പൂർത്തിയാക്കി. പ്രധാന പാത 20 കിലോമീറ്ററാണ് പൂർത്തിയായത്.
ഇരുവശങ്ങളിലായി 50 കിലോമീറ്റർ സർവീസ് റോഡുകളും ഉപ്പള, കുമ്പള എന്നിവിടങ്ങളിലെ വലിയ പാലങ്ങളും പൂർത്തിയാക്കി. ഷിറിയ,മൊഗ്രാൽ വലിയ പാലങ്ങൾ യഥാക്രമം 85 ശതമാനവും 80 ശതമാനവും പൂർത്തിയായി. ചെറിയ പാലങ്ങളിൽ മഞ്ചേശ്വരത്തേത് പൂർത്തിയായി. പൊസോട്ട് (80%), കുക്കാർ (65%), എരിയാൽ(80%) എന്നിങ്ങനെയാണ് മറ്റ് ചെറുപാലങ്ങളുടെ നിർമ്മാണപുരോഗതി. കാസർകോട് നഗരത്തിലെ മേൽപാലത്തിന്റെ തൂണുകളുടെ നിർമ്മാണം പൂർത്തിയായി. 30 സ്പാനുകളിൽ 12 എണ്ണത്തിന്റെ കോൺക്രീറ്റ് കഴിഞ്ഞു. 10 എണ്ണം പുരോഗതിയിലാണ്. ഉപ്പള മേൽപാലം ഒരു ഭാഗം പില്ലർ പൂർത്തിയാക്കി.
രണ്ടാംറീച്ച് ഡിസംബറിൽ
രണ്ടാം റീച്ചായ ചെങ്കള നീലേശ്വരം റീച്ചിൽ പാതാനിർമ്മാണത്തിന് കഴിഞ്ഞ ഒരുമാസമായി വേഗതയേറിയിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ മേഘ എൻജിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് ഈ റീച്ചിൽ കരാർ. 37.2 കി.മീ വരുന്ന പ്രധാനപാതയിൽ 60 ശതമാനം നിർമ്മാണം പൂർത്തിയായി.1709 കോടിയ്ക്കാണ് മേഘ കരാർ ഏറ്റെടുത്തത്. പ്രധാന പാതയുടെ ഇരുവശങ്ങളിലായി എൺപത് ശതമാനം സർവീസ് റോഡ് പൂർത്തിയായി. പന്ത്രണ്ട് അടിപ്പാതകളിൽ 7 എണ്ണം ഗതാഗതത്തിനായി തുറന്നു. ഓവുചാലിൽ 25 കിലോമീറ്റർ പൂർത്തിയായി.
ഈ വേഗതയിൽ നിർമാണം മുന്നോട്ടുപോയാൽ ഡിസംബറോടെ പാത പൂർത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പാലങ്ങളിൽ മെല്ലെപ്പോക്ക്
മൂന്നാം റീച്ചായ നീലേശ്വരം തളിപ്പറമ്പ് പാതയുടെ നിർമ്മാണ ചുമതലയും മേഘ എൻജിനീയറിംഗ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് തന്നെയാണ്. പാലങ്ങളുടെ നിർമാണം ഇഴഞ്ഞു നീങ്ങുന്നതാണ് ഇവിടെ പ്രതിസന്ധി. സർവീസ് റോഡുകൾ തുറന്നു നൽകി. പൂർത്തിയായ അടിപ്പാതകളും തുറന്നു. പ്രധാന പാതയിൽ ധർമശാലയിൽ അടക്കം ചിലയിടങ്ങളിൽ പണി പൂർത്തിയായി.കീഴാറ്റൂർ ബൈപ്പാസിലെ പ്രധാന പാതയുടെ നിർമാണം പൂർത്തിയായെങ്കിലും മേൽപ്പാലം പൂർത്തിയാകാനുണ്ട്.
സർവ്വീസ് റോഡുകളിൽ കുരുങ്ങി ഗതാഗതം
സർവീസ് റോഡുകളിലെ ബസ് ഗതാഗതം കീറാമുട്ടിയായി. യാത്രക്കാരെ കയറ്റിയിറക്കാനായി നിർത്തിയിട്ട ബസുകളുടെ പിറകിൽ വാഹനങ്ങൾ കുടുങ്ങുന്നത് വലിയ ഗതാഗത തടസത്തിന് വഴിവെക്കുകയാണ്. രാത്രികാലങ്ങളിൽ റോഡിൽ പണിമുടക്കുന്ന ഭാരവാഹനങ്ങൾ പുലർച്ചെവരെ ഗതാഗതം തടസപ്പെടുത്തുന്ന സ്ഥിതിയുമുണ്ട്. വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. റോഡിലെ വീതിക്കുറവ് നോക്കാതെ ചില വാഹനങ്ങൾ അമിത വേഗത്തിൽ ഓടുന്നതും നിയന്ത്രണങ്ങളില്ലാത്തതും അപകടത്തിനു കാരണമാകുന്നു.