ദേശീയപാതകളില്‍ 25 കി.മി ഇടവിട്ട് ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍; ഒരുക്കാന്‍ പത്ത് ലക്ഷം സബ്‌സിഡി

ദേശീയ, സംസ്ഥാന പാതകളില്‍ 25 കിലോമീറ്റര്‍ ഇടവിട്ട് വൈദ്യുതവാഹനങ്ങള്‍ക്കുള്ള ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയെ അറിയിച്ചു. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ ചാര്‍ജിങ് സൗകര്യമൊരുക്കുന്നതിന് 10 ലക്ഷം രൂപ വരെ സബ്സിഡി നല്‍കും.
എന്‍ഫോഴ്സ്മെന്റ് ആര്‍.ടി. ഓഫീസുകളിലും ചാര്‍ജിങ് സൗകര്യം സജ്ജീകരിക്കും. നിലവില്‍ 63 ഫാസ്റ്റ് ചാര്‍ജിങ് സെന്ററുകള്‍ സംസ്ഥാനത്ത് കെ.എസ്.ഇ.ബി. ഒരുക്കിയിട്ടുണ്ട്. ഹ്രസ്വകാല കരാറില്‍ പവര്‍ എക്‌സേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങിയ വകയില്‍ 2023 ജൂണ്‍ മുതല്‍ നവംബര്‍ വരെ 209 കോടി രൂപയുടെ ബാധ്യതയുണ്ട്.
താരിഫ് വര്‍ധനയില്‍ തീരുമാനം റെഗുലേറ്ററി കമ്മിഷനാണ് എടുക്കേണ്ടത്. ഇടുക്കി രണ്ടാം നിലയം ഉള്‍പ്പെടെ പുതിയതായി തുടങ്ങുന്ന 18 പദ്ധതികളില്‍ നിന്നായി 2798 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. 9292 കോടി രൂപ ചെലവുവരും.
ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്ങ് സംവിധാനം വ്യാപിപ്പിക്കുന്നതിനായി മുന്‍ വര്‍ഷങ്ങളില്‍ തന്നെ കെ.എസ്.ഇ.ബി. വൈദ്യുതി തൂണുകളില്‍ ചാര്‍ജിങ്ങ് സംവിധാനം ഒരുക്കിയിരുന്നു. 1140 ചാര്‍ജിങ് സംവിധാനങ്ങളാണ് ഇത്തരത്തില്‍ സ്ഥാപിച്ചിട്ടുള്ളതെന്നായിരുന്നു റിപ്പോര്‍ട്ട്. കെ.എസ്.ഇ.ബി. തുടങ്ങിയ വൈദ്യുതവാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് പുറമെയാണ് വൈദ്യുതത്തൂണിലുറപ്പിച്ച സംവിധാനം.
വൈദ്യുതത്തൂണുകളില്‍ നിന്ന് വാഹനം ചാര്‍ജ് ചെയ്യാന്‍ ഒരു യൂണിറ്റിന് ജി.എസ്.ടി. അടക്കം 9.30 രൂപയാണ് വേണ്ടത്. ഒരു ബൈക്ക് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ രണ്ട്-നാല് യൂണിറ്റ് വൈദ്യുതി വേണം. ഓട്ടോറിക്ഷയ്ക്ക് നാല്-ഏഴ് യൂണിറ്റും. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ ഓടുമെന്നാണ് പറയുന്നത്.