ഡിജിറ്റൽ റീസർവേ: ആറളത്തെ 127 കുടുംബങ്ങളുടെ ഭൂമിയുടെ അനിശ്ചിതത്വം നീങ്ങുന്നു

Share our post

ഇരിട്ടി : ഡിജിറ്റൽ റീസർവേയിൽ ആറളം വില്ലേജിലെ കക്കുവ, വട്ടപ്പറമ്പ്, പരിപ്പുതോട്, കൊക്കോട്, ചെടിക്കുളം പ്രദേശങ്ങളിൽ കൃഷിഭൂമിയും ആരാധനാലയവും വീടുകളും റവന്യൂ ഭൂമിയാണെന്നവിധത്തിൽ അളവ് നടത്തിയതിനെ തുടർന്നുള്ള ആശങ്ക ഒഴിയുന്നു.

ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ആറളം പഞ്ചായത്തുതല ജാഗ്രതാ സമിതി യോഗത്തിലാണ് സാങ്കേതികത്വം പരിഹരിക്കുന്നതിന് സർവേ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തീരുമാനമായത്. ഇപ്പോൾ നികുതിയടച്ചുവരുന്ന ആരുടെയും സ്ഥലം നഷ്ടപ്പെടില്ലെന്ന്‌ ബന്ധപ്പെട്ടവർ ജാഗ്രതാസമിതിക്ക് ഉറപ്പുനൽകി.

 

റീസർവേയിൽ പ്രദേശത്തെ 100 ഏക്കറോളം റവന്യൂ ഭൂമിയെന്ന നിലയിലോ, പുഴ പുറമ്പോക്ക് ഭൂമിയെന്ന നിലയിലോ കണക്കാക്കിയാണ് അതിര് അടയാളപ്പെടുത്തിയത്. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. 1933-ൽ നടന്ന സർവേ അടിസ്ഥാനരേഖയാക്കി അളവ് നടത്തിയപ്പോൾ അന്ന്‌ അൺ സർവേയ്‌ഡ് ആയിരുന്ന ഭൂമി പട്ടികയിൽ ഇല്ലാത്തതാണ്‌ പ്രതിസന്ധി ഉണ്ടാക്കിയിട്ടുള്ളതെന്ന ജനപ്രതിനിധികളുടെയും ബന്ധപ്പെട്ടവരുടെയും വാദം സർവേ ഉദ്യോഗസ്ഥർ അംഗീകരിക്കുകയായിരുന്നു.

 

ഇതേത്തുടർന്ന് അൺസർവേയിൽ പെട്ട ഈഭാഗം പുതിയ സർവേ നമ്പർ ആക്കി അതത്‌ ആധാരം ഉടമകളുടേതായി രേഖപ്പെടുത്തി പ്രശ്നം പരിഹരിക്കാൻ ധാരണയാകുകയായിരുന്നു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അധ്യക്ഷതവഹിച്ചു.

വൈസ് പ്രസിഡന്റ് ജെസ്സിമോൾ വാഴപ്പള്ളി, പഞ്ചായത്ത് അംഗങ്ങൾ, ആറളം റീസർവേ ക്യാമ്പ് ഓഫീസർ കെ.സി. ഗംഗാധരൻ, ആറളം സ്പെഷ്യൽ വില്ലേജ് ഓഫീസർ പ്രകാശൻ, കമ്മിറ്റി അംഗം സർവേയർ വി.വി. ജോസഫ് വേകത്താനം എന്നിവർ സംസാരിച്ചു.

പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കക്കുവ കർമസമിതി ചെയർമാൻ കെ.ടി. ജോസ്, കൺവീനർ ജിമ്മി അന്തിനാട്ട് എന്നിവരുടെ നേതൃത്വത്തിൽ നേരത്തേ കളക്ടർക്കും സർവേ അധികൃതർക്കും നിവേദനം നൽകിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!