സ്വർണം കൊണ്ടുപോകാൻ ഇ–വേ ബിൽ നിർബന്ധമാക്കാൻ തീരുമാനം: ധനമന്ത്രി

തിരുവനന്തപുരം : സ്വർണ വ്യാപാരത്തിൽനിന്നുള്ള നികുതി പൂർണമായി ലഭിക്കാൻ ഇ-വേ ബിൽ നിർബന്ധമാക്കാൻ തീരുമാനിച്ചെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിയമസഭ ചോദ്യോത്തരവേളയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ നിരന്തര സമ്മർദത്തിന്റെ ഫലമായാണ് സംസ്ഥാനത്തിനകത്ത് സ്വർണം കൊണ്ടുപോകാൻ ഇ-വേ ബിൽ സംവിധാനം ഏർപ്പെടുത്തുന്നത്.
രണ്ട് ലക്ഷത്തിന് മുകളിലുള്ളവയ്ക്കാകും ഇതെന്നാണ് പ്രാഥമിക വിവരം. ഇതുകൊണ്ടും പൂർണമായുംപ്രശ്‌നം പരിഹരിക്കപ്പെടില്ല. ജി.എസ്.ടി വന്നതോടെ സ്വർണത്തിന്റെ നികുതി നിരക്ക് അഞ്ചിൽ നിന്ന് മൂന്നായി കുറഞ്ഞു. ഇതിൽ ഒന്നര ശതമാനമേ സംസ്ഥാനത്തിന് ലഭിക്കൂ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുമ്പോൾ കവർച്ച ഭീഷണിയുണ്ടെന്ന കാരണം പറഞ്ഞാണ് ഇ-വേ ബിൽ ഏർപ്പെടുത്താൻ കേന്ദ്രം തയ്യാറാകാത്തത്. നികുതി തട്ടിപ്പ് തടയുന്നതിന് സോഫ്‌റ്റ്‌വെയറിലടക്കം പരിഷ്‌കരണം വേണം. ബില്ലടിക്കുന്ന സമയത്തുതന്നെ വിവരം സോഫ്റ്റ്‌വെയറിൽ ലഭിക്കും വിധമുള്ള ക്രമീകരണം വേണമെന്നും മന്ത്രി പറഞ്ഞു.
ഓൺലൈൻ വ്യാപാരം നികുതി റഡാറിന് പുറത്ത്
ഓൺലൈൻ വ്യാപാരം നികുതി റഡാറിൽ വന്നിട്ടില്ല. ഇതിന് മാറ്റം വരണം. ഐ.ജി.എസ്.ടി വിഹിതം കൃത്യമായി ലഭിക്കുന്നതിൽ പോരായ്‌മ നിലനിൽക്കുകയാണ്. വാറ്റ് കാലത്ത് ശരാശരി 16 ശതമാനമായിരുന്ന നികുതി ജി.എസ്.ടി വന്നതോടെ 11 ശതമാനമായി കുറഞ്ഞു. എന്നാൽ, ഇതിന്റെ ഗുണം കമ്പനികൾക്കാണ് കിട്ടിയത്. ജി.എസ്.ടി നഷ്ടപരിഹാരം നിർത്തിയത് ന്യായമല്ല. എന്നാൽ, ഇത് ന്യായമാണെന്ന് വാദിക്കുന്നവർ നിയമസഭയിൽ പോലുമുണ്ട്. ആഭ്യന്തര നികുതി വരുമാനം വർധിപ്പിച്ചതിനാലാണ് സംസ്ഥാനം പിടിച്ചുനിൽക്കുന്നത്.