ഉളിക്കൽ നുച്യാട് പാലം നിര്‍മ്മാണം: ധനകാര്യ വകുപ്പിന്റെ പരിഗണനയില്‍  

Share our post

തിരുവനന്തപുരം: മലയോര ഹൈവേയുടെ ഭാഗമായ നുച്യാട് പാലത്തിന്റെ നിര്‍മ്മാണത്തിനുള്ള തുക അനുവദിക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദേശം പൊതുമരാമത്ത് വകുപ്പ് ധനകാര്യ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ധനകാര്യ വകുപ്പ് ഇത് പരിഗണിച്ച് വരികയാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു. 

നുച്യാട് പാലം നിര്‍മ്മാണം ത്വരിതഗതിയിലാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സജീവ് ജോസഫ് എം.എല്‍.എ.യുടെ സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ – കാസര്‍ഗോഡ് ജില്ലകളിലെ മലയോര മേഖലയെ ബന്ധിപ്പിക്കുന്ന സുപ്രധാന റോഡായ ചെറുപുഴ-പയ്യാവൂർ-ഉളിക്കൽ-വള്ളിത്തോട് റോഡ് നിര്‍മ്മാണം വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയായെങ്കിലും ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട നുച്യാട് പാലത്തിന്റെ നിര്‍മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. ആദ്യഘട്ട ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും‍ സങ്കേതിക നടപടി ക്രമങ്ങള്‍ അനന്തമായി നീണ്ടുപോയതു മൂലം പാലത്തിന്റെ നിര്‍മ്മാണം തുടങ്ങാന്‍ സാധിച്ചിട്ടില്ലെന്ന് എം.എല്‍.എ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

12.5 മീറ്റര്‍ വീതിയിലുള്ള പുതിയ പാലത്തിനായി 7.90 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ഭരണാനുമതിയ്ക്കായി പൊതുമരാമത്ത് വകുപ്പ് സമ‍ര്‍പ്പിച്ചിരിക്കുന്നത്. നിലവിലുള്ള നുച്യാട് പാലം വളരെ ഇടുങ്ങിയതാണ്. അതിനാൽ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഇതുവഴി കടന്നുപോകുന്നത് വളരെ പ്രയാസമേറിയതും അപകടകരവുമാണ്. ഈ പാലം മലയോര ഹൈവേയുടെ ഭാഗമായതിനാൽ ഗതാഗതക്കുരുക്ക് അതി രൂക്ഷമാണ്. അനുദിനം ഗതാഗതക്കുരുക്ക് വർധിച്ചു വരികയാണ്.

പാലത്തിന്റെ വീതിക്കുറവ് ഗതാഗതത്തെ സാരമായി ബാധിക്കുന്നുണ്ട്. ഒരേ സമയം എതിര്‍ ദിശകളിലേക്ക് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയില്ല. ഇതുകാരണം ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. കാല്‍ നൂറ്റാണ്ടിനു മുമ്പ് നിര്‍മ്മിച്ച പ്രസ്തുത പാലം ബലക്ഷയം മൂലം ശോചനീയവസ്ഥയിലാണെന്നും സജീവ് ജോസഫ് നിയമസഭയിൽ പറഞ്ഞു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!