മലയോരത്ത് ഹൈവേ നിർമ്മാണം ഇഴഞ്ഞിഴഞ്ഞ്

Share our post

ഇരിട്ടി : മലയോര ഹൈവേയുടെ വള്ളിത്തോട്-മണത്തണ റീച്ചിലെ 25.3 കിലോമീറ്റർ റോഡ് വീതി കൂട്ടുന്ന പ്രവൃത്തി ഇഴയുന്നു . എടൂർ കാരാപറമ്പ് ഭാഗത്ത് പ്രവൃത്തി തുടങ്ങിയെങ്കിലും തൊഴിലാളികളെ മറ്റൊരു ഭാഗത്തേക്ക് മാറ്റിയെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധമുയർത്തുകയാണിവിടെ

രണ്ട് കലുങ്കും മതിലുകളും ഉൾപ്പെടെ പകുതിയോളം പൊളിച്ചാണ് നിർമ്മാണം ആരംഭിച്ചത്.വീടുകളിലേക്ക് കയറുന്ന വഴി പോലും ഇത്തരത്തിൽ പൊളിച്ചിട്ടിരുന്നു. കയറ്റവും വളവും നിറഞ്ഞ സിമിത്തേരികുന്ന് ഭാഗം പല സ്ഥലങ്ങളിലും സംരക്ഷണ ഭിത്തി നിർമ്മാണം മന്ദഗതിയിലാണ് . നിർമ്മാണത്തിനായി കൊണ്ടുവന്ന കരിങ്കല്ലുകൾ കൂട്ടിയിട്ടതിനാൽ കാൽനട പോലും സാധിക്കാത്ത സ്ഥിതിയാണ് ഇവിടങ്ങളിൽ.

57 കോടി രൂപയുടെ നവീകരണ പ്രവൃത്തിയിൽ മൂന്ന് പാലങ്ങൾ ഉൾപ്പെടെയാണ് നിർമ്മിക്കേണ്ടത്. പല സ്ഥലങ്ങളിലും പ്രവൃത്തി തുടങ്ങിവച്ച ശേഷം തൊഴിലാളികളെ മറ്റൊരിടത്തേക്ക് മാറ്റുന്നുവെന്നാണ് കോൺട്രാക്ടർക്ക് എതിരെ ഉയരുന്ന ആരോപണം . വീട്ടിലേക്ക് പ്രവേശിക്കുന്ന മൂന്നടി വഴി നിരവധി തവണ ആവശ്യപ്പെട്ടിട്ടും ശരിയാക്കി നൽകിയില്ലെന്നതടക്കമുള്ള ആരോപണവും കരാറുകാരനെതിരെ ഉയരുന്നുണ്ട്.

സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം കാൽനട യാത്രക്കാരും നിരവധി വാഹനങ്ങളും കടന്നുപോകുമ്പോൾ പൊടിയിൽ കുളിക്കുകയാണ്  റോഡരികിലുള്ള വീടുകൾ.

തരിപ്പണമായി ജലനിധി പൈപ്പുകൾ

എടൂർ മരുതാവ് മേഖലയിലെ 83 ഓളം കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന ജലനിധി പദ്ധതിയുടെ ഒന്നര കിലോമീറ്റർ പൈപ്പ് ഏതാണ്ട് പൂർണ്ണമായും മലയോര ഹൈവേ നിർമ്മാണത്തിനിടെ തകർന്നു.കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന വരുംദിവസങ്ങളിൽ വലിയ പ്രതിസന്ധിയാണ് നാട്ടുകാർ നേരിടുന്നത്.നിലവിൽ ജലനിധിയുടെ പൈപ്പുകൾ മാറ്റിസ്ഥാപിക്കാൻ പണം അനുവദിച്ചിട്ടില്ലെന്നാണ് കരാറുകാരൻ പറയുന്നത് പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ അഞ്ചുലക്ഷത്തോളം ചിലവ് വരും. ഇരുവശങ്ങളിലെയും പ്രവൃത്തി പൂർത്തിയാക്കാതെ പൈപ്പ് മാറ്റി സ്ഥാപിക്കാൻ കഴിയില്ലെന്നതും പ്രശ്നമാണ്. നവകേരള സദസിൽ ഉൾപ്പെടെ നാട്ടുകാർ  പരാതി നൽകിയിരുന്നു. ഒപ്പു ശേഖരണം നടത്തി ജില്ലാകളക്ടറെ സമീപിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.

‘ഇനി കാത്തിരിക്കാനാകില്ല”

പൊളിച്ചിട്ട ഭാഗത്തെ ജോലികൾ ഉടൻ പൂർത്തീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ് . ഒരു ഭാഗം ബാരിക്കേഡ് വച്ച് അടച്ചതോടെ കാൽനടയാത്ര പോലും സാധിക്കാത്ത സ്ഥിതിയാണ്.ഇതെതുടർന്ന് നാട്ടുകാർ തന്നെ ബാരിക്കേഡുകൾ മാറ്റിയിട്ടുണ്ട്. പൊളിച്ചിട്ട റോഡ് ഉടൻ നന്നാക്കിയില്ലെങ്കിൽ കരാറുകാരന്റെ വാഹനങ്ങൾ ഉൾപ്പെടെ തടയുമെന്നും മറ്റിടങ്ങളിലെ ജോലികൾ തടസപ്പെടുത്തുമെന്നുമാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.

എടൂരിലെ ജനങ്ങളുടെ പരാതികളും പ്രശ്നങ്ങളും പരിശോധിച്ച് ഉടൻ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കും- കെ.ആർ.എഫ്.ബി അസി.എക്സിക്യൂട്ടീവ് എൻജിനിയർ പി. സജിത്ത്


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!