അധ്യാപകർക്ക് ഫെബ്രുവരി 17ന് പ്രത്യേക ക്ലസ്റ്റർ യോഗം: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം : കഴിഞ്ഞ ക്ലസ്റ്റർ പരിശീലന യോഗത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്കായി പ്രത്യേക ക്ലസ്റ്റർ യോഗം ഫെബ്രുവരി 17ന് നടത്തുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. രാവിലെ 9.30 മുതൽ 4.30 വരെയാണ് പരിശീലന യോഗം. കഴിഞ്ഞ ക്ലസ്റ്റർ യോഗത്തിൽ പങ്കെടുക്കാതിരുന്ന എല്ലാ അധ്യാപകരും ഈ യോഗത്തിൽ പങ്കെടുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
സംസ്ഥാനത്തെ അധ്യാപകർക്കുള്ള മൂന്നാം ക്ലസ്റ്റർ പരിശീലന യോഗത്തിൽ ആകെ 1,32,346 അധ്യാപകരാണ് പങ്കെടുത്തത്. എൽ.പി വിഭാഗത്തിൽ 52,564 അധ്യാപകർ പങ്കെടുത്തു. മൊത്തം പങ്കെടുക്കേണ്ട അധ്യാപകരുടെ 90.25% ആണിത്. യു.പി വിഭാഗത്തിൽ 39,568 അധ്യാപകർ ആണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്. ഇത് ആകെ പങ്കെടുക്കേണ്ട അധ്യാപകരിൽ 88.89% വരും. ഹൈസ്‌കൂൾ വിഭാഗത്തിൽ 40,214 അധ്യാപകർ ക്‌ളസ്റ്റർ പരിശീലനത്തിൽ പങ്കെടുത്തു. മൊത്തം പങ്കെടുക്കേണ്ട അധ്യാപകരിൽ 86.95% ആണിത്. മൂന്ന് വിഭാഗങ്ങളിലായി ആകെ 17,373 പേര് പങ്കെടുത്തില്ല.
ക്ലസ്റ്റർ കേന്ദ്രങ്ങൾ അധ്യാപകരുടെ എണ്ണത്തിൻ്റെയും വിഷയത്തിൻ്റെയും അടിസ്ഥാനത്തിൽ ജില്ലകളിൽ ക്രമീകരിക്കും. കഴിഞ്ഞ ക്ലസ്റ്റർ സംബന്ധിച്ചും പങ്കെടുക്കാത്ത അധ്യാപകരെ സംബന്ധിച്ചും വിശദമായ റിപ്പോർട് മൂന്നു ദിവസത്തിനുള്ളിൽ ഡി.ഡി.മാർ നൽകണം. ക്ലസ്റ്ററിന് മുന്നോടിയായി ഫെബ്രുവരി ആറിന് രാവിലെ 10:30ന് ഡി.ഡി.ഇ, ഡി.പി.സി, ഡി.ഇ.ഒ, എ.ഇ.ഒ, ബി.പി.സി.മാർ എന്നിവരുടെ യോഗം മന്ത്രിയുടെ അധ്യക്ഷതയിൽ ചേരും.