ലക്ഷദ്വീപിലേക്ക് ബോട്ടിൽ പെട്രോൾ കടത്തൽ: സ്രാങ്കടക്കം ഏഴു പേർ അറസ്റ്റിൽ

കണ്ണൂർ: ലക്ഷദ്വീപിലേക്ക് പെട്രോൾ കടത്തുകയായിരുന്ന ബോട്ട് പിടിയിൽ. സ്രാങ്കടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബോട്ടുടമയും സ്രാങ്കുമായ അബ്ദുള്ള കോയയും ലക്ഷദ്വീപ് സ്വദേശികളായ ആറ് തൊഴിലാളികളുമാണ് അറസ്റ്റിലായത്. അഴീക്കൽ കോസ്റ്റൽ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ദുൾ ദുൾ 2 എന്ന ഫൈബർ മത്സ്യ ബന്ധന ബോട്ടിൽ നിന്ന് 920 ലിറ്റർ പെട്രോൾ പിടികൂടിയത്.
ബോട്ടിന്റെ ഡെക്കിനുമുകളിൽ നാല് ബാരലുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു പെട്രോൾ. ലക്ഷദ്വീപിൽ ഡീസലിനും പെട്രോളിനും കേരളത്തിലേതിനേക്കാൾ വില കൂടുതലാണ്. ഇതുകാരണം ഇവിടെ നിന്നും പെട്രോളും ഡീസലും ലക്ഷദ്വീപിൽ എത്തിച്ച് വിൽപന നടത്തുന്നുണ്ടെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബോട്ടിൽ നിന്നും ഇന്ധനം പിടികൂടിയത്.പിടികൂടിയ പെട്രോളിന് 99,093 രൂപയാണ് ലക്ഷദ്വീപ് വിപണിയിൽ ലഭിക്കുക. 107.71 രൂപയാണ് ഇന്നലെ ലക്ഷദ്വീപിലെ പെട്രോൾവില.