‘കെ റെയിൽ വരുംകേട്ടോ’ എന്ന് പറയും പോലെയല്ല, ഏക സിവിൽ കോഡ് വന്നിരിക്കും- സുരേഷ് ഗോപി

കണ്ണൂർ: ഏക സിവിൽ കോഡ് രാജ്യത്ത് നടപ്പാക്കുമെന്ന് ബി.ജെ.പി നേതാവ് സുരേഷ് ഗോപി. അടുത്ത തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഏക സിവിൽ കോഡ് വാഗ്ദാനമായിട്ട് വരുമെന്നും അത് നടപ്പിലാക്കിയെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര കണ്ണൂരിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏക സിവിൽ കോഡിനുവേണ്ടി നിലകൊള്ളുന്ന സർക്കാരാണ് രാജ്യത്തുള്ളതെന്നും മോദി ഭരണത്തിൽ പ്രീണനവും ജാതിയുമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ വാഗ്ദാനമായി ഏക സിവിൽ കോഡ് വരുമെങ്കിൽ, അത് നടപ്പിലാക്കിയെടുക്കുമെങ്കിൽ പിന്നെവിടെയാണ് ജാതിക്ക് സ്ഥാനം? നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത് അതല്ലേ? അത് സംഭവിച്ചിരിക്കും.
‘കെറെയിൽ വരും കേട്ടോ’ എന്ന് പറഞ്ഞത് പോലെയല്ല. അത് വന്നിരിക്കും. ഒരു പ്രത്യേക വിഭാഗത്തെ നശിപ്പിക്കാനുള്ള സംവിധാനമെന്ന് ആരും വിചാരിക്കേണ്ട. ഏറ്റവും കൂടുതൽ ഗുണം ചെയ്യാൻ പോകുന്നത് ആ വിഭാഗത്തിനുതന്നെയാണ്, സുരേഷ് ഗോപി പറഞ്ഞു.
സ്ത്രീകൾക്കും തുല്യത വേണം. സ്ത്രീ സമത്വത്തിന് വേണ്ടി 33.5 ശതമാനം എന്നുപറഞ്ഞ് ചുണ്ടനക്കിയതല്ലാതെ ഹൃദയം പ്രവർത്തിച്ചില്ല. അത് പ്രാവർത്തികമാക്കാൻ നരേന്ദ്ര മോദി വന്നിട്ടുണ്ടെങ്കിൽ സ്ത്രീ സമത്വം എന്നത് അടുത്ത പത്ത് വർഷത്തിനുള്ളിൽ വരും, സുരേഷ് ഗോപി കൂട്ടിച്ചേർത്തു.