നാലുവർഷ ബി.എഡ്: കേന്ദ്രപാഠ്യപദ്ധതി അന്തിമഘട്ടത്തില്‍, കേരളത്തില്‍ വൈകിയേക്കും

Share our post

ബി.എഡ്. കോഴ്‌സ് രാജ്യമൊട്ടാകെ നാലുവർഷത്തിലേക്ക് മാറുമ്പോൾ കേരളത്തിൽ അതിന്റെ പാഠ്യപദ്ധതിയും രണ്ട് രീതിയിലേക്ക്. കേന്ദ്രത്തിൽ പുതിയ പാഠ്യപദ്ധതി തയ്യാറാക്കുന്ന നടപടി അവസാനഘട്ടത്തിൽ കേന്ദ്രം എത്തിയപ്പോൾ, പ്രത്യേക പാഠ്യപദ്ധതിയുണ്ടാക്കാൻ കേരളം ശ്രമം തുടങ്ങിയിട്ടേയുള്ളൂ.

ബിരുദപഠനംകൂടി ചേ‌ർത്ത നാലുവർഷ ബി.എഡ്. കോഴ്‌സാണ് രാജ്യത്ത് വേണ്ടതെന്ന് ദേശീയ വിദ്യാഭ്യാസനയത്തിൽ ശുപാർശചെയ്യുന്നുണ്ട്. 2030 മുതൽ ഈ ബി.എഡ്. മാത്രമേ രാജ്യത്ത് ഉണ്ടാകാൻ പാടുള്ളൂ എന്നാണ് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷന്റെ നിർദേശം. രാജ്യത്തെ സർവകലാശാലകളാണ് നാലു വർഷ ബി.എഡ്. കോഴ്‌സ് നടത്തേണ്ടത്.

എൻ.സി.ടി.ഇ.യുടെ കരട് പാഠ്യപദ്ധതി ആറുമാസം മുമ്പാണ് പ്രസിദ്ധീകരിച്ചത്. ഇതിൻമേലുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ചശേഷം അന്തിമ പാഠ്യപദ്ധതിയുടെ ജോലികൾ നടക്കുന്നു. മൂന്നുമാസത്തിനകം അന്തിമ പാഠ്യപദ്ധതിവരും.

സംസ്ഥാനത്ത് ഒരു സർവകലാശാലയിലും നാലുവർഷ ബി. എഡ്. തുടങ്ങിയിട്ടില്ല. എന്നാൽ, കേന്ദ്രസർവകലാശാല കാസർകോട് കാമ്പസ്, കോഴിക്കോട് എൻ.ഐ.ടി. എന്നിവിടങ്ങളിൽ ഈ കോഴ്‌സ് തുടങ്ങി. എൻ.സി.ടി.ഇ. തയ്യാറാക്കിയ കരടുപാഠ്യപദ്ധതിയെ അടിസ്ഥാനമാക്കി സിലബസ് ഉണ്ടാക്കിയാണ് ഈ സ്ഥാപനങ്ങൾ കോഴ്‌സുകൾ തുടങ്ങിയത്. എൻ.സി.ടി.ഇ.യുടെ അനുമതിയോടെയാണിത്.

കേന്ദ്രപാഠ്യപദ്ധതിയുടെ ചുവടുപിടിച്ചുള്ള സിലബസ് വേണം സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള സർവകലാശാലകൾ ഉണ്ടാക്കാൻ. കേരളത്തിൽ, ചെയർമാൻ അടക്കമുള്ള ആറംഗ കമ്മിറ്റിയെ നാലുവർഷ ബി.എഡിന്റെ പാഠ്യപദ്ധതി രൂപവത്കരിക്കാൻ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.

ഡോ. മോഹൻ ബി.മേനോനാണ് ചെയൻമാൻ, ഡോ.ടി. മുഹമ്മദ് സലീം, പ്രൊഫ. കെ. അനിൽകുമാർ, ഡോ. ജെ.വി. ആശ, പ്രൊഫ. സുരേഷ്, ഡോ.കെ.എസ്. സാജൻ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.കേന്ദ്ര ചട്ടക്കൂടിൽനിന്ന് വേറിട്ടൊരു പാഠ്യപദ്ധതി നാലുവർഷ ബി.എഡിന് സ്വീകരിച്ചാൽ കോഴ്സിന്റെ രാജ്യവ്യാപകമായ അംഗീകാരത്തിന് പ്രശ്‌നം ഉണ്ടാകും. യു.ജി.സി. ഗ്രാന്റുകളേയും ബാധിക്കാനിടയുണ്ട്.

പ്ലസ്ടു കഴിഞ്ഞ് നാലു വർഷം കൊണ്ട് ബിരുദവും ബി.എഡും കിട്ടുന്ന കോഴ്‌സാണ് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെയ്ക്കുന്നത്. ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ എന്നാണ് കോഴ്‌സ് അറിയപ്പെടുക. ഫൗണ്ടേഷൻ, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി എന്നിങ്ങനെ നാലുവിഭാഗമാണ് ഇതിൽ ഉള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!