ബംഗളൂരു – മംഗളൂരു – കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടും

Share our post

കോഴിക്കോട്: ബെംഗളുരു- കണ്ണൂർ എക്സ്പ്രസ് കോഴിക്കോടുവരെ നീട്ടാനുള്ള ആവശ്യത്തിന് റെയിൽവേ ബോർഡ് അംഗീകാരം നൽകിയതായി എം.കെ.രാഘവൻ എം.പി.മാധ്യമങ്ങളോട് പറഞ്ഞു. അധികം താമസിയാതെതന്നെ സർവ്വീസ് തുടങ്ങുന്ന തീയതി പ്രഖ്യാപിക്കും. കുറച്ചുവർഷങ്ങളായി റെയിൽവേ ബോർഡിന് മുമ്പിലും പാർലമെന്റിലും നിരന്തരം ഉന്നയിച്ച വിഷയമാണ് പരിഹരിക്കപ്പെടുന്നത്. മലബാറിലെ ബെംഗളൂരു യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് ഒരു പരിധിവരെ ആശ്വാസമാകുന്നതാണ് തീരുമാനം.

ബെംഗളുരുവിൽ നിന്ന് രാത്രി 9.35-ന് പുറപ്പെടുന്ന വണ്ടി പിറ്റേന്ന് 10.55-ന് കണ്ണൂരും 12.40-ന് കോഴിക്കോട്ടും എത്തും. തലശ്ശേരി,വടകര,കൊയിലാണ്ടി സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.കോഴിക്കോടുനന്ന് മൂന്നരക്കാണ് ബെഗളുരുവിലേക്ക് പുറപ്പെടുക. പിറ്റേന്ന് പുലർച്ചെ 6.35-ന് ബെംഗളുരുവിലെത്തും.

മംഗലാപുരം-ഗോവ വന്ദേഭാരത് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. നിലവിൽ സർവ്വീസിന് വരുമാനം കുറവാണ്. അതുകൊണ്ട് വണ്ടി കോഴിക്കോട്ടേക്ക് നീട്ടുന്നതിൽ അനുകൂല തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷ. മലബാർ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാൻ കൂടുതൽ മെമു സർവ്വീസ് ആരംഭിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുള്ള നടപടിക്രമങ്ങളും തുടങ്ങിയിട്ടുണ്ട്. കൂടാതെ കോച്ചുകൾ കൂട്ടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

കോഴിക്കോട് വിമാനത്താവളത്തിൽ ഹജ്ജ് സർവ്വീസിന് വിമാനക്കമ്പനികൾ അമിതനിരക്ക് ഈടാക്കുന്ന വിഷയത്തിൽ കേന്ദ്രമന്ത്രിമാർക്ക് കത്തയച്ചിട്ടുണ്ട്. പാർലമെന്റിലും വിഷയം അവതരിപ്പിക്കും, എം.കെ.രാഘവൻ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!