ഗാന്ധി സ്മരണയില്‍ രാജ്യമെങ്ങും ദിനാചരണം

ഇന്ന് രക്തസാക്ഷിത്വ ദിനം. മാനവ സാഹോദര്യത്തിൻ്റെ ശാക്തീകരണത്തിനായുള്ള മഹായജ്ഞത്തിനിടയിൽ മഹാത്മജി ജീവൻ ബലിയർപ്പിച്ച ദിനം. കടന്നുവരുന്ന ഓരോ രക്തസാക്ഷി ദിനവും നമ്മോടാവാശ്യപ്പെടുന്നത് മനുഷ്യത്വത്തെ മുറുകെ പിടിക്കാനാണ്. ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും പുഷ്പചക്രം സമർപ്പിക്കും. തുടർന്ന് സർവമത പ്രാർത്ഥനയും നടക്കും. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന മനുഷ്യൻ എക്കാലവും ലോകത്തിന് ഒരത്ഭുതമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും കഷ്‌ടപ്പെടുന്ന ജനസമൂഹത്തിനുമായി സ്വയം സമർപ്പിതമായ വ്യക്തിത്വം. ആ കർമ്മകാണ്ഡത്തെ ലോകം അത്ഭുതാദരങ്ങളോടെയാണ് നോക്കിക്കണ്ടത്. ചിതറിക്കിടന്നിരുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ ദാഹത്തെ ഒരു മഹാപ്രസ്ഥാനമാക്കി മാറ്റിയ എളിയ മനുഷ്യൻ. ഗാന്ധിജി എന്ന മഹാത്മാവിൻ്റെ സമരവീര്യത്തിലൂടെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സിംഹ ഗർജ്ജനം മുഴക്കി ഇന്ത്യ സ്വാതന്ത്ര്യമെന്ന പ്രാണൻ സ്വായത്തമാക്കിയത്. തൻ്റെ ജീവിതംകൊണ്ട് ലോകത്തിനായി ഒട്ടേറെ സന്ദേശങ്ങൾ അദ്ദേഹം കരുതിവച്ചു.
ഹിംസയെ അഹിംസയുടെ തെളിനാളം കൊണ്ട് ജയിക്കാമെന്ന സമരായുധം പ്രാവർത്തികമാക്കിയപ്പോൾ ലോകം ഗാന്ധിജിയെന്ന നേതാവിന്റെ ഹൃദയശക്തി കൂടിയാണ് തിരിച്ചറിഞ്ഞത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഹൃദയം സംഘർഷങ്ങളാൽ കലുഷിതമായപ്പോഴും മുറിവുണക്കാൻ മനുഷ്യത്വത്തിൻ്റെ ആ മൂർത്തീരൂപം അഹോരാത്രം പ്രയത്നിച്ചു. സത്യനിഷ്ഠയുടെ വഴിയിൽ അനുഗാമിയില്ലാത്ത പഥികൻ ശത്രുവായി ആരെയും കണ്ടില്ല. എന്നിട്ടും മഹാത്മജിയുടെ നെഞ്ചിലേക്ക് 1948 ജനുവരി 30ന് നാഥൂറാം വിനായക് ഗോഡ്‌സെയെന്ന അതിവൈകാരികതയുടെ നിറതോക്ക് തീ തുപ്പിയപ്പോൾ ഒരു രാഷ്ട്രത്തിന്റെ മനസ്സൊന്നാകെയാണ് തേങ്ങിയത്. ഗാന്ധിജിയുടെ മരണം സ്ഥിരീകരിച്ച് ജവഹർലാൽ നെഹ്‌റു പറഞ്ഞ വാക്കുകളിൽ എല്ലാമുണ്ടായിരുന്നു. ‘നമ്മുടെ ജീവിതത്തിൽ നിന്ന് വെളിച്ചം നഷ്ടമായിരിക്കുന്നു’ എന്നായിരുന്നു ആ വാക്കുകൾ.
അതേസമയം, ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ഇന്ന് മത സൗഹാർദ ദിനമായി ആചരിക്കാൻ തമിഴ്നാട്. ജില്ലാ ആസ്ഥാനങ്ങളിൽ വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവർ പങ്കെടുക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. രാജ്യത്തിന്റെ നാനാത്വവും ഏകത്വവും പ്രതിഫലിപ്പിക്കുന്ന പരിപാടികൾ സംഘടിപ്പിക്കണമെന്ന് സ്റ്റാലിൻ പറഞ്ഞു.