പൂപ്പാറയില്‍ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: മൂന്ന് പ്രതികള്‍ക്ക് 90 വര്‍ഷം കഠിനതടവ്

Share our post

ഇടുക്കി: പൂപ്പാറയില്‍ ബംഗാള്‍ സ്വദേശിനിയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ക്കും 90 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. തമിഴ്‌നാട് സ്വദേശികളായ സുഗന്ധ്, ശിവകുമാര്‍, പൂപ്പാറ സ്വദേശി ശ്യാം എന്നിവരെയാണ് ദേവികുളം അതിവേഗ കോടതി ജഡ്ജി സിറാജുദ്ദീന്‍ ശിക്ഷിച്ചത്.

പോക്‌സോ അടക്കം വിവിധ വകുപ്പുകളിലായാണ് പ്രതികളെ 90 വര്‍ഷംവീതം കഠിനതടവിന് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലെങ്കില്‍ പ്രതികള്‍ എട്ടുമാസം കൂടി തടവ് അനുഭവിക്കണം.

പൂപ്പാറ കൂട്ടബലാത്സംഗക്കേസില്‍ മൂന്നുപ്രതികളും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മറ്റൊരു പ്രതിയെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയച്ചു.

2022 മേയ് 29-നായിരുന്നു കേസിനാസ്പദമായ സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശിയായ 16-കാരിയാണ് ക്രൂരപീഡനത്തിന് ഇരയായത്.സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ സംസാരിച്ചിരിക്കവെ പ്രതികള്‍ സംഭവസ്ഥലത്തെത്തുകയും പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ വലിച്ചിഴച്ച് തേയിലക്കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു.

പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. കേസില്‍ ആകെ എട്ട് പ്രതികളുണ്ടായിരുന്നു. രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. രണ്ടുപേരെ പിന്നീടാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ വിചാരണ നടക്കുന്നതേയുള്ളൂ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!