വേനൽ കടുത്തു; വട്ടോളി പുഴ മെലിയുന്നു

ചിറ്റാരിപ്പറമ്പ് : വേനൽച്ചൂട് കടുത്തതോടെ പ്രധാന തോടുകളും നീരുറവകളും വറ്റിവരണ്ട് വട്ടോളി പുഴയും മെലിഞ്ഞുണങ്ങാൻ തുടങ്ങി. കണ്ണവം പെരുവ വനാന്തർഭാഗത്തുനിന്നാണ് ചിറ്റാരിപ്പറമ്പ് ഗ്രാമപ്പഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ ഒഴുകുന്ന കണ്ണവം പുഴയുടെ തുടക്കും. മുൻകാലങ്ങളിൽ വേനൽക്കാലത്തും പുഴയിലൂടെ വെള്ളം ഒഴുകാറുണ്ടായിരുന്നു. എടയാർ മുതൽ മുടപ്പത്തൂർവരെ പുഴയിൽ ആഴമുള്ള സ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കാറുമുണ്ടായിരുന്നു. ഇവിടങ്ങൾ പുഴമത്സങ്ങളുടെ ആവാസകേന്ദ്രങ്ങൾ കൂടിയായിരുന്നു.
പ്രളയകാലത്താണ് പുഴ കരകവിഞ്ഞ് ഗതിമാറി ഒഴുകാൻ തുടങ്ങിയത്. പ്രളയകാലത്ത് കണ്ണവം വനത്തിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കുത്തിയൊഴുകിയെത്തിയ കൽക്കൂനകളാണ് ഇപ്പോൾ പുഴയുടെ വിവിധ പ്രദേശങ്ങളിലുള്ളത്. എടയാർ നടപ്പാലത്തിന് സമീപം പുഴനിറയെ കൽക്കൂമ്പാരമായതോടെ പുഴ ഗതിമാറി ഒഴുകാൻതുടങ്ങി.
പുഴയിലെ താഴ്ചയുള്ള സ്ഥലങ്ങൾ കല്ലും മണലും നിറഞ്ഞതോടെ പുഴമത്സ്യങ്ങളെയും കാണാതായി. നീരോഴുക്ക് നിലച്ചതോടെ ഇപ്പോൾ തോടായിമാറിയ നിലയിലാണ്.
വേനൽക്കാലത്ത് വട്ടോളി, മുടപ്പത്തൂർ പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം വറ്റുകയും സമീപപ്രദേശങ്ങളലെ 300 ഹെക്ടർ നെൽക്കൃഷി ഉൾപ്പെടെയുള്ള കാഷികവിളകൾ ഉണങ്ങി നശിക്കാൻതുടങ്ങിയുംചെയ്തതോടെ 2014 ൽ മുടപ്പത്തൂർ പുഴയ്ക്ക് കുറുകെ ചെറുകിട ജലസേചന വകുപ്പ് 1.35 കോടി രൂപ ചെലവിട്ട് റഗുലേറ്റർ നിർമിച്ചിരുന്നു.
പുഴയിലെ വെള്ളത്തിന്റെ ഒഴുക്ക് കുറയുമ്പോൾ റഗുലേറ്ററിൽ ഷട്ടർ സ്ഥാപിച്ചാണ് വെള്ളം തടഞ്ഞുനിർത്താറ്. ഷട്ടർ സ്ഥാപിച്ചാൽ പുഴയിൽ മൂന്ന് മീറ്റർ ഉയരത്തിലാണ് വെള്ളം തടഞ്ഞുനിർത്താറ്. ആദ്യകാലങ്ങളിൽ റഗുലേറ്ററിൽ ഷട്ടർ ഇട്ടാൽ വട്ടോളി പുഴയിലും സമീപപ്രദേശങ്ങളിലെ കിണറുകളിലും വെള്ളം ഉയരാറുണ്ട്.
വെള്ളത്തിന്റെ മർദം കാരണം അഞ്ച് വർഷമായി ഷട്ടറായി ഉപയോഗിക്കുന്ന ദ്രവിച്ച മരത്തിന്റെ പലകകൾ പൊട്ടി വേനൽക്കാലത്ത് സംഭരിച്ച വെള്ളം കുത്തിയൊലിച്ച് പോകാറാണ് പതിവ്.