വയനാട് പുല്‍പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്

വയനാട്: പുല്‍പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്തിനാണ് പരിക്കേറ്റത്. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആനയുടെ മുന്നില്‍ പെടുകയായിരുന്നു. ശരത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. പാക്കം കാരേരിക്കുന്നിലെ വിജയന്‍ കമലാക്ഷി ദമ്പതികളുടെ മകനാണ് ശരത് (14). സുഹൃത്തുക്കള്‍ക്കൊപ്പം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇരുട്ടായതിനാല്‍ കാട്ടാനയുടെ സാന്നിധ്യം കുട്ടി അറിഞ്ഞിരുന്നില്ല. കോളനിക്ക് സമീപം എത്തിയപ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു.