കന്യാകുമാരിയിലേക്ക് 45 മിനിറ്റ് മാത്രം; നാലുവരിപ്പാത നിർമാണം പുരോഗമിക്കുന്നു, പാതയിൽ 25 വലിയ പാലങ്ങൾ

Share our post

നാഗർകോവിൽ : കാരോട്– കന്യാകുമാരി നാലുവരിപ്പാതയുടെ നിർമാണ ജോലികൾ പുരോഗമിച്ചു വരുന്നു. 2025 ഓഗസ്റ്റോടെ പണികൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്ട് ഡയറക്ടർ ടി.വേൽരാജ് അറിയിച്ചു. കാരോട്–കന്യാകുമാരി 53.7 കിലോമീറ്ററാണ് പാതയുടെ ദൂരം.

കന്യാകുമാരി ജില്ലയിൽ കാരോട് മുതൽ വില്ലുക്കുറി വരെ 27 കി.മീ.ദൂരം, വില്ലുക്കുറി– നാഗർകോവിൽ അപ്ടാ മാർക്കറ്റ് 14 കി.മീ, അപ്ടാ മാർക്കറ്റ്– കാവൽക്കിണർ പെരുങ്കുടി 16 കി.മീ, അപ്ടാ മാർക്കറ്റ് മുതൽ കന്യാകുമാരി മുരുകൻ കുന്റം വരെ 12 കി.മീറ്റർ ദൂരവുമാണ് നാലുവരിപ്പാതയ്ക്കായി പദ്ധതി തയ്യാറാക്കിയത്. ഇതിൽ അപ്ടാ മാർക്കറ്റ് മുതൽ കാവൽക്കിണർവരെയുള്ള നാലുവരിപ്പാതയുടെ പണികൾ പൂർത്തിയാകുകയും അതുവഴി വാഹനഗതാഗതം തുടങ്ങുകയും ചെയ്തു.

2433.25 കോടി രൂപ ചെലവിൽ 2013–ൽ ആരംഭിച്ച നാലുവരിപ്പാതയുടെ നിർമാണം 2019 വരെ പുരോഗമിച്ചു. പിന്നീട് കോവിഡ് തടസ്സമായി. ശുചീന്ദ്രത്തിനും കന്യാകുമാരിക്കുമിടയിൽ മാത്രമാണ് കുറച്ചെങ്കിലും പാത നിർമാണം നടന്നത്. 53.7 കി.മീറ്റർ ദൂരം വരുന്ന പാതയിൽ ഇതുവരെ 30.274 കി. മീറ്റർ നിർമാണം പൂർത്തിയായി. ഇനി 24.05 കി.മീറ്റർ ദൂരം പണികൾ ബാക്കിയുണ്ട്.പാതയിൽ 25 വലിയ പാലങ്ങൾ, 13 ചെറിയ പാലങ്ങൾ, ഒരു റെയിൽവേ മേൽപ്പാലം എന്നിവയുടെ നിർമാണം നടന്നുവരുന്നു. പാത നിർമാണത്തിന് ആവശ്യമായ മണ്ണ് കിട്ടാനുള്ള പ്രയാസമാണ് പണി വൈകാൻ കാരണമാകുന്നതെന്ന് ഹൈവേ അധികൃതർ പറയുന്നു. നിലവിൽ തിരുനെൽവേലി ജില്ലയിൽ നിന്നുമാണ് മണ്ണ് എത്തിക്കുന്നത്.

മണ്ണ് കൊണ്ടുവരുന്നതിനുള്ള തമിഴ്നാട് സർക്കാരിന്റെ നിയന്ത്രണങ്ങളാണ് പണിയുടെ വേഗത കുറവിന് കാരണമാകുന്നതെന്ന് ആരോപണമുണ്ട്. ഇതിനിടെ ആദ്യം നിർമാണം ഏറ്റെടുത്ത കമ്പനി ആവശ്യത്തിന് മണ്ണ് കിട്ടുന്നില്ലെന്ന് കാരണം പറഞ്ഞ് ഇടയ്ക്ക് ഉപേക്ഷിച്ചു പോയിരുന്നു. തുടർന്ന് പദ്ധതിയുടെ നിർമാണ തുകയും വർധിപ്പിച്ചു. 1141.78 കോടി ചെലവിൽ നിർമാണ പൂർത്തിയാക്കാനാണ് കരാർ നൽകിയത്.

പണി പൂർത്തിയായാൽ സംസ്ഥാന അതിർത്തിയായ കാരോട് നിന്നും നാഗർകോവിലിലേക്ക് 30 മിനിറ്റ് കൊണ്ടും കന്യാകുമാരിയിലേക്ക് 45 മിനിറ്റ് കൊണ്ടും എത്തിച്ചേരാനാകുമെന്ന് അധികൃതർ പറഞ്ഞു. പണി പൂർത്തിയായ നാഗർകോവിൽ– കാവൽക്കിണർ നാലുവരിപ്പാത കഴിഞ്ഞ ഒക്ടോബറിൽ ഗതാഗതത്തിന് തുറന്നു കൊടുത്തു. തിരുപ്പതിസാരത്ത് ടോൾഗേറ്റും പ്രവർത്തിക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!