ഇരട്ടക്കൊലപാതകക്കേസ് പ്രതിയുടെ വീട് ആക്രമിച്ചതായി പരാതി: ധർമടം പൊലീസ് അന്വേഷണം ആരംഭിച്ചു
തലശ്ശേരി: ഇരട്ടക്കൊലപാതകക്കേസിൽ ജയിലിൽ കഴിയുന്ന ആളുടെ വീട് ആക്രമിച്ചതായി പരാതി. കേസിലെ ഒന്നാം പ്രതി പാറായി ബാബുവിന്റെ നിട്ടൂരിലെ വീടിന് നേരെയാണ് ആക്രമണം. ഇതുസംബന്ധിച്ച് വീട്ടുകാർ ധർമടം പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കുറച്ചു നാളായി വീട്ടുകാർ തൊട്ടടുത്ത വീട്ടിലാണ് താമസം. ഇന്നലെ രാവിലെ പൂച്ചയ്ക്ക് ഭക്ഷണം നൽകുന്നതിന് വീട്ടുകാർ എത്തിയപ്പോഴാണ് മുൻഭാഗത്തെ പൂട്ട് പൊളിച്ചതായി കാണപ്പെട്ടതെന്ന് പരാതിയിൽ പറഞ്ഞു. അകത്തെ മുറിയിൽ സാധനങ്ങളെല്ലാം വാരിവലിച്ചിട്ടും വരാന്തയിലെ കണ്ണാടി തല്ലിത്തകർത്തുമായിരുന്നു.
പൂച്ചയുടെ കൂട് വീടിന്റെ മുറിക്കകത്തേക്ക് വലിച്ചു നീക്കിയ നിലയിലാണെന്നും ബാബുവിന്റെ ഭാര്യ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. കഴിഞ്ഞ ജൂലൈ 16നും വീടിന് നേരെ ആക്രമണം നടന്നിരുന്നതായും പരാതിയിലുണ്ട്. 2022 നവംബറിൽ ദേശീയപാതയിൽ വീനസ് കോർണറിൽ ബന്ധുക്കളായ ഷമീറിനെയും ഖാലിദിനെയും കൊലപ്പെടുത്തിയ കേസിൽ ബാബു റിമാൻഡിലാണ്.