കീബോർഡിൽ ടൈപ് ചെയ്യുന്നതിനേക്കാൾ മസ്തിഷ്കത്തിന് ഗുണം ചെയ്യുക കൈകൊണ്ടെഴുതുമ്പോഴെന്ന് പഠനം

കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയുമൊക്കെ കണ്ടുപിടിത്തം വലിയമാറ്റങ്ങളാണ് ജീവിതത്തിൽ സൃഷ്ടിച്ചത്. പലരുടേയും എഴുത്തും വായനയുമൊക്കെ ഇത്തരത്തിലുള്ള ഡിജിറ്റൽ സാങ്കേതിക വിദ്യകളെ ആശ്രയിച്ചായി. ടൈപ് ചെയ്തു ശീലിച്ചു തുടങ്ങിയതോടെ എഴുതാൻ മടികാണിക്കുന്നവരാണ് ഏറെയും. എന്നാൽ എഴുത്തിനാണ് പ്രാധാന്യം നൽകുന്നതെങ്കിൽ മസ്തിഷ്കത്തിന്റെ ആരോഗ്യം മെച്ചപ്പടുമെന്നാണ് പുതിയൊരു പഠനത്തിൽ പറയുന്നത്.
വേഗത്തിൽ ജോലി തീർക്കാൻ കീബോർഡുകളെ ആശ്രയിക്കുന്നവരാണ് പലരും. പക്ഷേ അതിനുപകരം എഴുതാൻ തീരുമാനിക്കുകയാണെങ്കിൽ മസ്തിഷ്കത്തിന്റെ പ്രവർത്തനം മെച്ചപ്പെടുമെന്നാണ് നോർവേയിൽ നിന്നുള്ള ഒരുകൂട്ടം ഗവേഷകർ വ്യക്തമാക്കുന്നത്. കൈകൊണ്ട് എഴുതുന്നതിലൂടെ അക്കങ്ങൾ ഓർത്തുവെക്കാനും ഓർമശക്തി മെച്ചപ്പെടുത്താനുമൊക്കെ കഴിയുമെന്ന് ഗവേഷകർ പറയുന്നു.
കൈകൊണ്ടെഴുതുന്നത് ശീലമാക്കുന്നതിലൂടെ പുതിയ വിവരങ്ങൾ ശേഖരിക്കാനും ഗ്രഹണശക്തി മെച്ചപ്പെടുത്താനുമൊക്കെ കഴിയുമെന്നും ഗവേഷകർ പറയുന്നുണ്ട്. ഫ്രോണ്ടിയേഴ്സ് ഇൻ സൈക്കോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 36 സർവകലാശാലകളിൽ നിന്നുള്ള വിദ്യാർഥികളിൽ നിന്നാണ് ഇതിന് ആസ്പദമായ വിവരങ്ങൾ ശേഖരിച്ചത്.
പഠനസംബന്ധമായ കാര്യങ്ങൾ ഡിജിറ്റൽ പെൻ ഉപയോഗിച്ച് ടച്ച് സ്ക്രീനിൽ എഴുതുകയോ അല്ലെങ്കിൽ കീബോർഡിൽ ടൈപ് ചെയ്യുകയോ ചെയ്യുന്നവരായിരുന്നു ഇവർ. ഇതിൽ എഴുതുന്നത് ശീലമാക്കിയവരിൽ മസ്തിഷ്കത്തിന്റെ പ്രവർത്തനം മെച്ചപ്പെടുന്നതായി കണ്ടെത്തി. ടച്ച് സ്ക്രീനിൽ മാത്രമല്ല പേപ്പറിൽ എഴുതുമ്പോഴും സമാനഫലം തന്നെയാണ് ലഭിക്കുന്നതെന്നും കണ്ടെത്തി.
ടാബ്ലറ്റുകളിൽ എഴുതാനും വായിക്കാനും ശീലിച്ച പുതിയ തലമുറയിലെ കുട്ടികളേക്കുറിച്ചും പഠനത്തിലുണ്ട്. ഇക്കൂട്ടരിൽ സമാനമായ വാക്കുകൾ തിരിച്ചറിയാനുള്ള ശേഷി കുറവായിരിക്കുമെന്നും ഗവേഷകർ പറയുന്നു.