പരിഷ്കാരം നിർദേശത്തിലൊതുങ്ങി; ഉളിക്കലിൽ വഴിമുട്ടി ഗതാഗതം

Share our post

ഉളിക്കൽ : ഉളിക്കലിൽ ഗതാഗതപരിഷ്കരണത്തിന് ഒട്ടേറെ നിർദേശങ്ങൾ അധികൃതരുടെ നടപടിക്കായി സമർപ്പിച്ചെങ്കിലും ഒന്നും നടപ്പായില്ല. മിഷൻ 2024 എന്ന പേരിൽ കഴിഞ്ഞമാസം നടന്ന വികസന സെമിനാറിൽ ട്രാഫിക് പരിഷ്കരണം, ബസ്‌സ്റ്റാൻഡ് വികസനം എന്നിവയുമായി ബന്ധപ്പെട്ട് ഒട്ടേറെ നിർദേശങ്ങളാണ് ഉയർന്നുവന്നത്. സജീവ് ജോസഫ് എം.എൽ.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്, ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജി എന്നിവർ പങ്കെടുത്തിരുന്നു.

സൗകര്യമില്ലാത്തതിനാൽ വാഹനങ്ങൾ ടൗണിലാണ് നിർത്തിയിടുന്നത്. ഇത് ഗതാഗതത്തെ ബാധിക്കുന്നു. ടൗണിൽ റോഡിന് വീതി കുറവാണ്. ഇരുവശവും വാഹനങ്ങൾ നിർത്തിയിടുന്നതിനാൽ ആംബുലൻസ് ഉൾപ്പെടെ കടന്നുപോകാൻ പ്രയാസപ്പെടുന്നു. ടൗണിൽ ഹോം ഗാർഡിന്റെ സേവനം ലഭിക്കുന്നതാണ് ഏക ആശ്വാസം.

ബസ്‌സ്റ്റോപ്പുകൾ ക്രമീകരിക്കണമെന്ന ആവശ്യം നടപ്പായില്ല. ടൗണിൽ അഞ്ച് സ്ഥലങ്ങളിലാണ് ഇപ്പോൾ ബസ് സ്റ്റോപ്പുള്ളത്. ഇവിടെ അധികനേരം ബസുകൾ നിർത്തിയിടുന്നത് ഗതാഗതതടസ്സത്തിന് കാരണമാകുന്നു.

ആളൊഴിഞ്ഞ് ബസ്‌സ്റ്റാൻഡ്

ടൗണിൽ അഞ്ച്‌ ബസ്‌സ്റ്റോപ്പുള്ളതിനാൽ ഉളിക്കൽ ബസ് സ്റ്റാൻഡ് ആളൊഴിഞ്ഞ നിലയിലാണ്. ഇവിടെ ഇരിപ്പിടം ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യമില്ല. ശൗചാലയം അടഞ്ഞുകിടപ്പാണ്.

മലയോര ഹൈവേ ടൗണിലൂടെയായതിനാൽ ദീർഘദൂരയാത്രക്കാരും ഇവിടെയെത്തുന്നുണ്ട്. ബസ്‌സ്റ്റാൻഡിൽനിന്നുള്ള വൺവേ റോഡ് കലുങ്ക് നിർമാണത്തിന്റെ ഭാഗമായി വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്‌.

ബസ്‌സ്റ്റാൻഡിൽ പോലീസ് എയ്‌ഡ്‌പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യവും കടലാസിലാണ്.

ടൗണിൽ സൂചനാബോർഡുകളുമില്ല. ഇരിട്ടി ഭാഗത്തുനിന്ന് ഉൾപ്പടെ ആംബുലൻസുകൾ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്കും മണിപ്പാലിലേക്കും പ്രധാനമായും കടന്നുപോകുന്നത് ഉളിക്കൽ ടൗൺ വഴിയാണ്. പയ്യാവൂർ വള്ളിത്തോട് മലയോര ഹൈവേ തുറന്നതോടെ വാഹനപ്പെരുപ്പം കൂടിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!