കർഷക പ്രതീക്ഷകൾക്ക് ജീവനേകി പഴശ്ശി വീണ്ടുമൊഴുകുന്നു

Share our post

അഞ്ചരക്കണ്ടി : കാർഷികമേഖലയിൽ വലിയ മാറ്റത്തിനായി തുടങ്ങിയ പഴശ്ശി ജലസേചന പദ്ധതി 16 വർഷത്തിനുശേഷം വീണ്ടും സജീവമാക്കുന്നു. 31-ഓടെ പദ്ധതിയുടെ പ്രധാന കനാൽ വഴി ജലവിതരണം തുടങ്ങും.

ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം തുറന്നുവിടും. പഴശ്ശി പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു കാർഷിക മേഖലയിൽ വെള്ളമെത്തിക്കൽ.

ജില്ലയിലെ 11,525 ഹെക്ടർ വരുന്ന കൃഷിയിടങ്ങളെയും നെൽവയലുകളെയും കാർഷികസമൃദ്ധിയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ 40 വർഷം മുൻപ്‌ തുടങ്ങിയതാണ് പഴശ്ശി ജലസേചന പദ്ധതി.

ആദ്യകാലത്ത് കൃഷിക്ക് വെള്ളം നൽകിയിരുന്നെങ്കിലും 25 വർഷത്തോളമായി കാർഷികമേഖലക്ക് കൃത്യമായി വെള്ളമെത്തിക്കാൻ പദ്ധതിക്ക്‌ കഴിഞ്ഞിട്ടില്ല. 2008 മുതൽ ജലവിതരണം നടത്താൻ കഴിയാതെ കനാലുകൾ നിശ്ചലമായിരുന്നു.

നവീകരണം പൂർത്തിയാകുന്നു

നാലഞ്ചുവർഷമായി പല ഭാഗത്തെയും ചോർച്ചയടക്കൽ നടത്തി. കനാൽ നവീകരണം ഏറെക്കുറെ പൂർത്തിയാക്കി. ഭിത്തികളിലും അടിഭാഗത്തും ചെങ്കല്ല് പാകി കോൺക്രീറ്റ് ചെയ്തതോടെ ഇതുവഴി സുരക്ഷിത ജലവിതരണം നടക്കും. നവീകരണത്തിനായി 50 കോടി രൂപ ചെലവുവരുന്ന ചെറുതും വലുതുമായ 95 പദ്ധതികളാണ് നടപ്പാക്കിയത്.

നിലവിൽ ഒന്നും രണ്ടും വിള കൃഷിചെയ്യുന്ന വയലുകളിൽ മൂന്ന് വിളവരെ കൃഷിയിറക്കാമെന്ന വാഗ്ദാനത്തോടെ പിറവിയെടുത്തതാണ് പഴശ്ശി ജലസേചന പദ്ധതി. ഇതനുസരിച്ച് കാർഷിക മേഖലയ്ക്ക് മുതൽക്കൂട്ടാകാൻ പദ്ധതിക്ക് ആദ്യഘട്ടത്തിൽ സാധിച്ചിരുന്നു. എന്നാൽ പിന്നീട് ജലലഭ്യതക്കുറവ് മൂലം പദ്ധതി താളംതെറ്റി. മൂന്ന് വിള രണ്ടും ഒന്നുമായി ചുരുങ്ങി.

മാമ്പ വയൽപ്രദേശങ്ങളുൾപ്പെടെ പാടശേഖരങ്ങളിൽ തരിശുനിലങ്ങളും വർധിച്ചു. ഇത് പരിഹരിച്ച് കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള നടപടിക്ക് മുഖ്യ പരിഗണന വേണമെന്നായിരുന്നു കർഷകരുടെ ആവശ്യം.

ജലസേചന സൗകര്യം വർധിപ്പിക്കാനാവശ്യമായ നടപടി ഉണ്ടാകണമെന്നും കർഷകർ ആവശ്യമുന്നയിച്ചിരുന്നു. ജലവിതരണം പുനഃസ്ഥാപിക്കുന്നതിനു മുന്നോടിയായുള്ള മൂന്നാംഘട്ട പരീക്ഷണ ജലവിതരണമാണിപ്പോൾ നടക്കുന്നത്.

കനാലിലൂടെ വെള്ളം തുറന്നുവിടുമ്പോൾ സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!