പേവിഷബാധ: ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍

തിരുവനന്തപുരം: പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.നായ്, പൂച്ച, പെരുച്ചാഴി, കുരങ്ങ് എന്നിവയില്‍നിന്ന് മുറിവേറ്റാല്‍, മുറിവ് സാരമുള്ളതല്ലെങ്കില്‍ കൂടി അവഗണിക്കരുത്. മൃഗങ്ങളുടെ കടിയേറ്റ ഭാഗം സോപ്പുപയോഗിച്ച് നന്നായി 20 മിനിറ്റ് നേരം തേച്ച് കഴുകിയതിനുശേഷം ഉടൻ ചികിത്സ തേടണം.
മുറിവിന്റെ തീവ്രതയനുസരിച്ച് ഐ.ഡി.ആര്.വി, ഇമ്യൂണോ ഗ്ലോബുലിന്‍ എന്നീ കുത്തിവെപ്പുകളാണ് നല്‍കുന്നത്.
ഐ.ഡി.ആര്.വി എല്ലാ സര്‍ക്കാര്‍ ജനറല്‍ -ജില്ല – താലൂക്ക് – സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. ഇമ്യൂണോ ഗ്ലോബുലിന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലും തിരുവനന്തപുരം ജനറല്‍ ആസ്പത്രിയിലും ചിറയില്‍കീഴ് താലൂക്ക് ആസ്ഥാന ആസ്പത്രിയിലും ലഭ്യമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
*വളര്‍ത്തുമൃഗങ്ങളെ പരിചരിക്കുന്നവരും പെറ്റ് ഷോപ്പുകള്‍ നടത്തുന്നവരും പേ വിഷബാധക്ക് എതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് എടുക്കണം.
*മൃഗങ്ങളെ പരിപാലിച്ചാൽ ഉടന്‍തന്നെ കൈകാലുകള്‍ സോപ്പുപയോഗിച്ച് കഴുകണം.
*കാലിലെ വിണ്ടുകീറലില്‍ മൃഗങ്ങളുടെ ഉമിനീര്, മൂത്രം എന്നിവ പറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം.
*വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടുണ്ടെന്ന് ഉടമകള്‍ ഉറപ്പു വരുത്തണം.