‘ഗോ ബ്ലൂ’ ക്യാമ്പയിൻ: ആന്റിബയോട്ടിക് മരുന്നുകള്‍ ഇനി നീലക്കവറില്‍

കൊച്ചി: ആന്റിബയോട്ടിക് മരുന്നുകള്‍ പ്രത്യേക നീല കവറില്‍ വിതരണം ചെയ്യാനുള്ള പദ്ധതിയുമായി ജില്ലാ ആരോഗ്യ വിഭാഗം. ആന്റിബയോട്ടിക് ദുരുപയോഗം തടയുന്നതിന് ലോകാരോഗ്യ സംഘടന നടപ്പാക്കുന്ന ‘ഗോ ബ്ലൂ’ പ്രചാരണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
ആന്റിബയോട്ടിക് മരുന്നുകള്‍ ബോധവല്‍ക്കരണ നിർദേശങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേകം നീലം കവറില്‍ വിതരണം ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. കെ. സക്കീന നിർദേശിച്ചു. ആന്റിബയോട്ടിക് മരുന്നകള്‍ പ്രത്യേകം കളർ കോഡുള്ള കവറില്‍ വിതരണം ചെയ്യുന്നത് മരുന്ന് പെട്ടന്ന് തിരിച്ചറിയാൻ രോഗികളെ സഹായിക്കും.
കൂടാതെ ആന്റിബയോട്ടിക് മരുന്നുകളെ കുറിച്ച് അബോധം സൃഷ്ടിക്കാനും ദുരുപയോഗം തടയാനും പദ്ധതികൊണ്ട് സാധിക്കുമെന്നും ഡി.എം.ഒ പറഞ്ഞു. ഘട്ടം ഘട്ടമായി ജില്ലയിലെ എല്ലാ ആശുപത്രികളിലും പദ്ധതി നടപ്പാക്കുമെന്നും ഡി.എം.ഒ അറിയിച്ചു.