കണ്ണൂരിൽ മൂന്ന് ക്വിന്റലോളം നിരോധിത പ്ലാസ്റ്റിക് പിടിച്ചു

കണ്ണൂർ : ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പയ്യന്നൂർ നഗരസഭാ പരിധിയിൽ നടത്തിയ പരിശോധനയിൽ നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് പിടിച്ചു. പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകളും പ്ലേറ്റുകളും പ്ലാസ്റ്റിക് ക്യാരി ബാഗുകളും പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ വാഴയിലകളും പിടിച്ചെടുത്തു.
പയ്യന്നൂർ നഗരത്തിലെ ഷേണായ് ഏജൻസീസ് ഗോഡൗണിൽ നിന്ന് രണ്ട് ക്വിന്റലും സിന്ധു പ്ലാസ്റ്റിക് എന്ന സ്ഥാപനത്തിന്റെ ഗോഡൗണായി ഉപയോഗിച്ച വീട്ടിൽ നിന്ന് ഒരു ക്വിന്റലിലധികവും പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് സ്ക്വാഡ് പിടിച്ചത്.
ഇരുസ്ഥാപനങ്ങൾക്കും 10,000 രൂപ വീതം പിഴചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നഗരസഭയ്ക്ക് നിർദേശം നൽകി. പരിശോധനയിൽ ടീം ലീഡർ പി.പി.അഷ്‌റഫ്, സ്ക്വാഡ് അംഗം നിതിൻ വത്സലൻ, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിധു, അനീഷ്, രഹിയ, ശ്രുതി എന്നിവർ പങ്കെടുത്തു.