വൈറലായി ടൂത്ത്പിക്ക് ഫ്രൈസ് ; ഇനി കഴിക്കരുതെന്ന് ഭക്ഷ്യവകുപ്പ്

സാമൂഹിക മാധ്യമങ്ങളില്‍ വ്യത്യസ്തമായ വീഡിയോകള്‍ വൈറലാകുന്നത് പതിവാണ്. ഇതില്‍ ഫുഡ് വീഡിയോകളോട് താത്പര്യമുള്ള വലിയ വിഭാഗമുണ്ട്. ഭക്ഷണത്തെക്കുറിച്ചുള്ള എന്ത് കാര്യമറിയാനും ആളുകള്‍ക്ക് പൊതുവേ താത്പര്യമാണ്.
പക്ഷേ ചിലപ്പോഴെങ്കിലും സാമൂഹികമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആകുന്ന ഫുഡ് ചലഞ്ചുകളോ ഫുഡ് വീഡിയോകളോ ആരോഗ്യത്തിന് അത്ര ഗുണകരമാകാത്തവയും ആകാറുണ്ട്. സമാനമായി ഇപ്പോള്‍ ദക്ഷിണ കൊറിയയില്‍ ഏറെ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ‘ടൂത്ത്പിക്ക് ഫ്രൈസിന് ഒടുവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഭക്ഷ്യവകുപ്പ്.
സാധാരണഗതിയില്‍ ടൂത്ത് പിക്ക് എന്തിനാണ് ഉപയോഗിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഇത് പക്ഷേ സ്റ്റാര്‍ച്ചില്‍ തീര്‍ത്ത ടൂത്ത്പിക്കാണ്. അതായത് ഇത് ശരീരത്തിനകത്ത് പോയാലും പ്രശ്‌നമില്ല. ഇക്കോ-ഫ്രണ്ട്‌ലി ഉത്പന്നമാണ്. ഇങ്ങനെ ഇത് കഴിക്കുന്നവരുമുണ്ട്.എന്നാല്‍ ഈ ടൂത്ത്പിക്ക് എണ്ണയില്‍ പൊരിച്ചെടുത്ത് ‘ഫ്രൈസ്’ ആക്കി കഴിക്കുന്നതാണ് പുതിയ ട്രെന്‍ഡ്. കണ്ടാല്‍ പുഴുവിനെ പോലെ തോന്നിക്കുന്നതാണ് ഈ ഫ്രൈസ്. പച്ചനിറത്തില്‍ വളഞ്ഞുപുളഞ്ഞ് കിടക്കും. പക്ഷേ ഇത് സ്റ്റാര്‍ച്ച് ടൂത്ത്പിക്കാണ്.
ഇത് വല്ലാതെ ശ്രദ്ധിക്കപ്പെട്ടതോടെ ആളുകള്‍ പരക്കെ ഇതുണ്ടാക്കിത്തുടങ്ങി. അതോടെ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഭക്ഷ്യവകുപ്പ്. ഇത് എത്രമാത്രം സുരക്ഷിതമാണ് എന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ ഇത് കഴിക്കരുത് എന്നാണ് ഫുഡ് ആന്റ് ഡ്രഗ് സേഫ്റ്റി മന്ത്രാലയം സാമൂഹികമാധ്യമങ്ങള്‍ വഴി അറിയിച്ചിരിക്കുന്നത്.
ടൂത്ത്പിക്ക്‌സ് വെറുതെ എണ്ണയില്‍ പൊരിച്ചെടുത്തും, ചീസ് പൗഡര്‍ ചേര്‍ത്തുമെല്ലാം തയ്യാറാക്കി ദക്ഷിണ കൊറിയയില്‍ ആളുകള്‍ കഴിക്കുന്നുണ്ട്. ഇതിന്റെയെല്ലാം വീഡിയോകളും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുമുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ താക്കീതുമായി സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.