‘ഒറിജിനല്‍’ ഭരണഘടന പങ്കുവെച്ച് കേന്ദ്ര സര്‍ക്കാര്‍; സോഷ്യലിസവും മതേതരത്വും ഇല്ല, വിവാദം

ന്യൂഡല്‍ഹി: രാജ്യം 75-ാം റിപ്പബ്ലിക് ആഘോഷിക്കുന്ന വേളയില്‍ കേന്ദ്രസര്‍ക്കാരിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ച ഭരണഘടനയുടെ ആമുഖത്തെച്ചൊല്ലി വിവാദം. മതേതരവും സോഷ്യലിസവുമില്ലാത്ത ഭരണഘടനയുടെ ചിത്രമാണ് MyGovIndia ഇന്‍സ്റ്റഗ്രാം, എക്‌സ് പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ടില്‍ പങ്കുവെച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ യഥാര്‍ഥ ആമുഖത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
പുതിയ ഇന്ത്യയില്‍ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന തത്വങ്ങള്‍ എങ്ങനെ പ്രതിധ്വനിക്കുന്നു എന്നും ഇന്ത്യയുടെ മുന്നോട്ടു പോക്ക് എങ്ങനെയെന്നും പരിശോധിക്കാമെന്നും പോസ്റ്റില്‍ പറയുന്നു. ഇതിനൊപ്പം ചേര്‍ത്ത ഏഴു കാര്‍ഡുകളില്‍ നീതി, സമത്വം, സ്വാതന്ത്ര്യം , സാഹോദര്യം, പരമാധികാരം, ജനാധിപത്യം, റിപ്പബ്ലിക് എന്നിവ പുതിയ ഇന്ത്യയില്‍ എത്തരത്തിലാണ് എന്ന് വിശദീകരിക്കുകയാണ് പോസ്റ്റില്‍.
തീവ്രവാദത്തോടുള്ള അസഹിഷ്ണുത, വനിതാ സംവരണം, പുതിയ പാര്‍ലമെന്റ് മന്ദിരം, കശ്മീരിലെ ആദ്യ ബ്ലോക് ഡെവലമെന്റ് തിരഞ്ഞെടുപ്പ്, ജി.എസ്.ടി, 370-ാം വകുപ്പ് എടുത്ത് കളഞ്ഞത്, ഗുണഭോക്താക്കള്‍ക്ക് അക്കൗണ്ടില്‍ 34 ലക്ഷം കോടി നല്‍കിയത് എന്നിവ പുതിയ ഇന്ത്യയിലെ മാറ്റങ്ങളായി അവതരിപ്പിക്കുന്നു.
നേരത്തേയും ഭരണഘടനയുടെ ആമുഖത്തെച്ചൊല്ലി വിവാദമുണ്ടായിരുന്നു. പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തിലെ ആദ്യ സമ്മേളനദിവസം വിതരണം ചെയ്ത ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വം സോഷ്യലിസം എന്നീ വാക്കുകളില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.