എല്ലാ ജില്ലകളിലും കഫേ കുടുംബശ്രീ പ്രീമിയം റസ്റ്റോറന്റുകള്‍ ആരംഭിക്കും: മന്ത്രി എം.ബി. രാജേഷ്

മെയ് പതിനേഴോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കഫേ കുടുംബശ്രീ റസ്റ്ററന്റുകള്‍ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കഫേ കുടുംബശ്രീ പ്രീമിയം ശൃംഖലകളുടെ സംസ്ഥാന തല ഉദ്ഘാടനം അങ്കമാലിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുടുംബശ്രീയുടെ മുഖമുദ്രയായ വിശ്വാസ്യത, കൈപുണ്യം എന്നിവ ഫലപ്രദമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ആശയത്തില്‍ നിന്നാണ് കഫേ കുടുംബശ്രീ പ്രീമിയം ബ്രാന്റ് റസ്റ്ററന്റുകളുടെ ആരംഭം. അങ്കമാലിക്ക് ഒപ്പം തന്നെ വയനാട് മേപ്പാടി, ഗുരുവായൂര്‍ എന്നിവിടങ്ങളിലും പ്രീമിയം ബ്രാന്‍ഡ് റസ്റ്ററന്റുകള്‍ ആരംഭിക്കുകയാണ്. കുടുംബശ്രീയുടെ കൈപുണ്യം ലോകമാകെ അംഗീകരിച്ച് കഴിഞ്ഞതാണ്. കേരളീയം പോലുള്ള മേളകളില്‍ കുടുംബശ്രീ ഭക്ഷ്യ സ്റ്റാളുകളിലേക്ക് ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. സംസ്ഥാനത്തിന് പുറത്തും കുടുംബശ്രീ ഭക്ഷ്യമേളകള്‍ നടത്തണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ഭാവിയില്‍ ഇതു പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
സരസ്സ്, കേരളീയം തുടങ്ങിയ മേളകളിലൂടെ റെക്കോര്‍ഡ് വില്‍പന കൈവരിക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു. കുടുംബശ്രീ മേളകളിലൂടെ ഹിറ്റായ വന സുന്ദരി, കൊച്ചി മല്‍ഹാര്‍ തുടങ്ങിയവ പ്രീമിയം റസ്റ്ററന്റില്‍ ലഭ്യമാകും. അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വം, മാലിന്യ സംസ്‌ക്കരണം, പാഴ്സല്‍ സര്‍വീസ്, കാറ്ററിങ്ങ്, ഓണ്‍ലൈന്‍ സേവനങ്ങള്‍, അംഗപരിമിതര്‍ക്കുള്ള സൗകര്യങ്ങള്‍, ശൗചാലയങ്ങള്‍, പാര്‍ക്കിങ്ങ് തുടങ്ങി എല്ലാ മേഖലയിലും മുന്തിയ സൗകര്യങ്ങളോടെയാണ് പ്രീമിയം കഫേകള്‍ സജ്ജമാക്കിയിരിക്കുന്നത്.
വിശ്വാസ്യതയും കൂട്ടായ്മയും മുന്‍ നിര്‍ത്തി സമൂഹത്തിലെ നല്ല മാറ്റങ്ങള്‍ക്കായി കുടുംബശ്രീ മുന്നോട്ടു പോകണമെന്ന് മന്ത്രി പറഞ്ഞു.