രാജ്യത്തിന് ഇന്ന് 75-ാം റിപ്പബ്ലിക് ദിനം; കനത്ത സുരക്ഷയിൽ തലസ്ഥാനം

Share our post

ന്യൂഡൽഹി: രാജ്യം ഇന്ന് 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണാണ് റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥി. ഡൽഹി കർത്തവ്യപഥിൽ നടക്കുന്ന റിപ്പബ്ലിക് പരേഡിന് സാക്ഷ്യം വഹിക്കാൻ 77,000 പേരെയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടെ വിപുലമായ ഒരുക്കങ്ങളാണ് റിപ്പബ്ലിക് ദിനത്തിനായി ഡൽഹിയിൽ നടത്തിയിരിക്കുന്നത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ മുഖ്യാതിഥി ആകുന്ന ചടങ്ങിലേക്ക് വിദേശ രാജ്യങ്ങളുടെ പ്രതിനിധികൾക്കും ക്ഷണമുണ്ട്. കനത്ത സുരക്ഷയാണ് ചടങ്ങുകളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ രാജ്യ തലസ്ഥാനത്ത് നടപ്പാക്കുന്ന ട്രാഫിക് ക്രമീകരണങ്ങൾ സംബന്ധിച്ച് ഡൽഹി പൊലീസ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ചടങ്ങുകൾ പൂർത്തിയാകുന്ന മുറയ്ക്ക് നഗരത്തിലെ ഗതാഗത നിയന്ത്രണം ലഘൂകരിക്കാൻ കഴിയുമെന്നാണ് ഡൽഹി പൊലീസ് കരുതുന്നത്. ഡൽഹി പൊലീസിന് പുറമെ സൈനിക -അർധ സൈനിക വിഭാഗങ്ങളെയും ഡൽഹിയിൽ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഇന്ന് രാവിലെ 8.30-ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്‌കൗട്‌സ്, ഗൈഡ്‌സ്, സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്യും. മുൻ വർഷങ്ങളിലേത് പോലെ ഇന്ത്യൻ വ്യോമസേന ഹെലികോപ്ടറിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിന് ശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കും.

ഗവർണറോടൊപ്പം മന്ത്രി വി. ശിവൻകുട്ടിയും തിരുവനന്തപുരത്തെ ചടങ്ങിൽ പങ്കെടുക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഓരോ മന്ത്രിമാർ വീതം അഭിവാദ്യം സ്വീകരിക്കും. ഒമ്പതരയോടെ നിയമസഭയിൽ സ്പീക്കർ എ.എൻ. ഷംസീറും രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പതാക ഉയർത്തും. പത്തരയോടെ കെ.പി.സി.സി ആസ്ഥാനത്ത് യു.ഡി.എഫ് കൺവീനർ എം.എം. ഹസനും പതാക ഉയർത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!