രാത്രി കണ്ണൂരിലിറങ്ങേണ്ട വിദ്യാർഥിനിക്ക് ഇറങ്ങാനായത് തലശ്ശേരിയിൽ

കണ്ണൂർ : തീവണ്ടിയാത്രക്കാരുടെ ദുരിതം അറുതിയില്ലാതെ നീളുകയാണ്. അവധിദിവസങ്ങൾ അടുത്താൽ ഈ ദുരിതം ഇരട്ടിയാവും. വ്യാഴാഴ്ച രാത്രി കണ്ണൂരിലിറങ്ങേണ്ട വിദ്യാർഥിക്ക് തിരക്കുകാരണം ഇറങ്ങാനായത് തലശ്ശേരിയിൽ. സ്റ്റേഷനിൽ കാത്തുനിന്ന് വീട്ടുകാർ മകളുടെ ഫോൺകോളെത്തുന്നതുവരെ ആശങ്കയിലായി.
പള്ളിക്കുന്ന് സ്വദേശി അഞ്ജലി സാഹിനി പ്രഭാകരനാണ് തിരക്കിൽപ്പെട്ട് തീവണ്ടിയിറങ്ങാനാവാതെ രാത്രിയിൽ തലശ്ശേരിയിലെത്തിയത്. സ്ലീപ്പർ കോച്ചിൽ ടിക്കറ്റ് ബുക്ക് ചെയ്തായിരുന്നു യാത്ര.
മംഗളൂരുവിലെ സെയ്‌ന്റ് അലോഷ്യസ് കോളേജിലെ മൈക്രോബയോളജി ഡിഗ്രി വിദ്യാർഥിയാണ്. മൂന്നുദിവസം അവധിയായതിനാൽ വ്യാഴാഴ്ച രാത്രി കണ്ണൂരിലെത്തുന്ന തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസിലെ എസ്-8 കോച്ചിലാണ് ടിക്കറ്റ് എടുത്തത്.
എന്നാൽ ജനറൽ ടിക്കറ്റ് എടുത്ത് നിരവധിപേർ ഈ കോച്ചിൽ കയറിയതിനാൽ ബുക്ക് ചെയ്ത സീറ്റിൽപോലും ഇരിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയായിരുന്നു.
തുടർന്ന് മുകളിലെ ബർത്തിൽ കയറിയിരുന്നു. കണ്ണൂർ സ്റ്റേഷൻ അടുത്തതോടെ ടി.ടി.ആർ. വന്ന് ജനറൽടിക്കറ്റ് എടുത്തവരോട് കോച്ച് മാറിക്കയറാൻ ആവശ്യപ്പെട്ടു.
ഇതോടെ അവരും ഇറങ്ങാനുള്ളവരും കണ്ണൂർ സ്റ്റേഷനിൽ നിന്ന് കയറുന്നവരുമെല്ലാമായി തിരക്കിൽപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ കൈയിലായിരുന്നു ഫോൺ. ആ കുട്ടി കണ്ണൂർ സ്റ്റേഷനിൽ ഇറങ്ങുകയും ചെയ്തു. പിന്നീട് തീവണ്ടിയിലുള്ള മറ്റൊരു സ്ത്രീയുടെ ഫോണിൽ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. രാത്രിയിൽ തലശ്ശേരിയിൽ നിന്ന് ബസ് കയറിയാണ് കണ്ണൂരിലെത്തിയത്.