തലശ്ശേരി: റിപ്പബ്ലിക് ദിനത്തിൽ രാജ്ഘട്ടിൽ നടക്കുന്ന പരേഡിൽ മോട്ടോർ സൈക്കിളിൽ നടത്തുന്ന സാഹസിക പ്രകടനത്തിൽ കേരളത്തിന്റെ അഭിമാനതാരങ്ങളാകാൻ തലശ്ശേരിക്കാരിയടക്കം മൂന്ന് വനിതകൾ. തലശ്ശേരി കോടിയേരി ഇല്ലത്ത്താഴ സ്വദേശിനി കെ.കെ. സൗമ്യ ഉൾപ്പെടെ മൂന്ന് പേരാണ് സശസ്ത്ര സീമാ ബൽ പാരാമിലിറ്ററി ഫോഴ്സിൽ നിന്ന് പരിപാടിയിൽ പങ്കെടുക്കുന്നത്.
സുരേന്ദ്രനാഥിന്റെയും കെ.കെ. സുനിതയുടെയും മകളാണ് സൗമ്യ. സൗമ്യക്ക് പുറമെ പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരി കാത്താംപൊറ്റ തുടിക്കോട് രാമദാസന്റെയും വസന്തകുമാരിയുടെയും മകളായ ആർ. സന്ധ്യ, ചിറ്റൂർ വിളയോടി വാരിക്കാട്ടുചള്ള കുമാരന്റെയും പ്രേമകുമാരിയുടെയും മകളായ കെ. ആര്യ എന്നിവരാണ് വെള്ളിയാഴ്ച നടക്കുന്ന പരേഡിൽ കേരളത്തിന് വേണ്ടി പ്രകടനം കാഴ്ച വെക്കുന്നത്. ചെറുപ്പം മുതലേ യാത്രയോടും പട്ടാളത്തോടുമായിരുന്നു സൗമ്യക്ക് കൂടുതൽ ഇഷ്ടം.
ഡിഗ്രിക്ക് പഠിക്കുമ്പോൾ എൻ.സി.സിയിൽ അംഗമായിരുന്നു. 2021 ൽ ഭോപ്പാൽ അക്കാദമിയിൽ നിന്നാണ് പരിശീലനം പൂർത്തിയാക്കിയത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ബൈക്ക് ഓടിക്കുമായിരുന്നു. പരിശീലനം പൂർത്തിയാക്കി ഉടൻ ഒരു ബുള്ളറ്റ് സ്വന്തമാക്കി. ബൈക്ക് ഓടിക്കാറുണ്ടെങ്കിലും ന്യൂഡൽഹിയിൽ എത്തിയാണ് സാഹസിക പ്രകടനങ്ങൾ പഠിച്ചത്. രണ്ട് മാസമായി ഇവിടെ പരിശീലനം നടത്തുന്നുണ്ട്. ചൊവ്വാഴ്ച അവസാന റിഹേഴ്സൽ നടത്തി.
വിവര സാങ്കേതിക വിഭാഗത്തെ പ്രതിനിധാനം ചെയ്താണ് പരേഡിൽ സൗമ്യ സാഹസിക പ്രകടനത്തിന്റെ ഭാഗമാവുന്നത്. കഴിഞ്ഞ വർഷം എസ്. എസ്.ബി യുടെ റേസിങ് ഡേയിൽ പങ്കെടുത്തിരുന്നു. അന്ന് സിങ്കിൾ സല്യൂട്ട് ആയിരുന്നു ചെയ്തത്. റിപ്പബ്ലിക് ദിനത്തിൽ ഗ്രൂപ്പ് ഇവന്റിലാണ് പങ്കെടുക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലെ ഏണിയിൽ കയറിയിരുന്നാണ് സന്ധ്യയുടെ അഭ്യാസ പ്രകടനം.
ചാന്ദ്രയാൻ പി.എസ്.എൽ.വി-3 ന്റെ പ്രദർശനവുമായി ആര്യയും എത്തും. പശ്ചിമബംഗാൾ എസ്.എസ്.ബി വിഭാഗത്തിലാണ് ഇവർ ഇപ്പോൾ. ബുള്ളറ്റ് ഡെയർഡെവിൾസ് ബൈക്കേഴ്സ് ടീമിലാണ് ഇവരുള്ളത്. സി.ആർ.പി.എഫ്, ബി. എസ്.എഫ്, എസ്.എസ്. ബി എന്നീ മൂന്ന് വിഭാഗങ്ങളാണ് സാഹസിക പ്രകടനത്തിൽ പങ്കെടുക്കുന്നത്.
സി.ആർ.പി.എഫിലും മലയാളി സാന്നിധ്യമുണ്ട്. നാരീശക്തി എന്നാണ് 262 സ്ത്രീകൾ പങ്കെടുക്കുന്ന അഭ്യാസ പ്രകടനത്തിന് പേരിട്ടിരിക്കുന്നത്. നാല് മിനിറ്റിനുള്ളിൽ 18 ഇനങ്ങൾ ഇവർ അവതരിപ്പിക്കും.