അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം കെ. സുധാകരൻ തിരിച്ചെത്തി: ഇന്ന് കണ്ണൂരിലേക്ക്

കണ്ണൂർ: അമേരിക്കയിലെ ചികിത്സയ്ക്കുശേഷം കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി കേരളത്തിൽ തിരിച്ചെത്തി. ഇന്നലെ രാത്രി എട്ട് മണിയോടെ അബുദാബി വഴി ഇത്തിഹാദ് എയർലൈൻസിലാണ് കൊച്ചിയിലെത്തിയത്. ഡിസംബർ 31നാണ് അമേരിക്കയിലേക്ക് പോയത്.
ഇന്ന് തൃശൂരിൽ നിന്ന് വന്ദേഭാരത് എക്സ്‌പ്രസിൽ കണ്ണൂരിലേക്ക് തിരിക്കും. മോയോ ക്ലിനിക്കിൽ ഡോക്ടർമാരുമായി നടന്ന കൂടിക്കാഴ്ചയിൽ നിലവിലെ ചികിത്സാരീതിയിൽ കാര്യമായ മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണിയിലെ ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകളിൽ 29 മുതൽ സുധാകരൻ പങ്കാളിയാകും.
കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സംസ്ഥാനതല ജാഥയ്ക്ക് ഫെബ്രുവരി ഒൻപതിന് കാസർഗോഡ് തുടക്കമാകുന്ന സാഹചര്യത്തിൽ ജാഥയുടെ ഒരുക്കങ്ങളും വിലയിരുത്തും.