പഴശ്ശി കനാലിൽ ടെസ്റ്റ് റൺ 31ന്

മട്ടന്നൂർ: പഴശ്ശി പദ്ധതിയുടെ കനാലുകളിൽ കൂടി ജലവിതരണം പുനഃസ്ഥാപിക്കുന്നതിൻ്റെ മുന്നോടിയായി 31ന് ടെസ്റ്റ് റൺ നടത്തും. മെയിൻ കനാൽ ചെയിനേജ് 42/000 കിലോമീറ്റർ പറശ്ശിനിക്കടവ് അക്വഡക്ട് വരെയും മാഹി ബ്രാഞ്ച് കനാൽ ചെയിനേജ് 16/000 കിലോമീറ്റർ വരെയും വേങ്ങാട്, കുറുമ്പുക്കൽ, മാങ്ങാട്ടിടം, പാട്യം എന്നീ ഡിസ്ട്രിബ്യൂട്ടറി ഫീൽഡ് ബോത്തികളിൽ കൂടിയും ജലം ഒഴുക്കി ടെസ്റ്റ് റൺ നടത്തുമെന്നാണ് പഴശ്ശി ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചത്. ഊർജ്ജ പ്രതിസന്ധിക്ക് വലിയതോതിൽ പരിഹാരമായേക്കാവുന്ന പഴശ്ശി സാഗർ ജലവൈദ്യുത പദ്ധതി ഏപ്രിൽ മാസത്തിനകം പ്രവൃത്തി പൂർത്തിയാകുമെന്ന് കെ.എസ്.ഇ.ബി അധികൃതർ നേരത്തെ സൂചിപ്പിച്ചിരുന്നു.
മാഹി ബ്രാഞ്ച് കനാലിൽ നിന്നും കീഴല്ലൂർ, വേങ്ങാട്, മാങ്ങാട്ടിടം, കോട്ടയം, പിണറായി, മൊകേരി, കതിരൂർ, എരഞ്ഞോളി, തൃപ്പങ്ങോട്ടൂർ, ചൊക്ലി, കുന്നോത്തുപറമ്പ്, ന്യൂമാഹി പഞ്ചായത്തുകളിലും കൂത്തുപറമ്പ്, പാനൂർ, തലശ്ശേരി നഗരസഭകളിലുമായി 2476 ഹെക്ടർ നിലവും മെയിൻ കനാലിൽ നിന്നും ഇരിട്ടി, മട്ടന്നൂർ, ആന്തൂർ, നഗരസഭകളിലും കീഴല്ലൂർ, വേങ്ങാട്, അഞ്ചരക്കണ്ടി, മുണ്ടേരി, കൂടാളി, കുറ്റ്യാട്ടൂർ, മയ്യിൽ, കൊളച്ചേരി എന്നീ പഞ്ചായത്തുകളിലുമായി 569 ഹെക്ടർ നിലവും ജലസേചന യോഗ്യമാക്കുമെന്നും അധികൃതർ പറഞ്ഞു.
2017ലായിരുന്നു പ്രവൃത്തി ആരംഭിച്ചത്. 2022 ഓടെ കമ്മിഷൻ ചെയ്യേണ്ട പ്രവൃത്തിയാണ് ഇത്രയും കാലതാമസം എടുത്തത്. കാലവർഷക്കെടുതിമൂലമുള്ള പ്രതിസന്ധിയിൽ നിർമ്മാണം നീണ്ടു പോവുകയായിരുന്നു.