ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ടെലിവിഷൻ പി.ജി. സർട്ടിഫിക്കറ്റ് കോഴ്സുകൾ

Share our post

സിനിമ, ടെലിവിഷൻ മേഖലകളിലെ പഠനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ.), ടെലിവിഷൻ വിഭാഗത്തിലെ വിവിധ ഒരുവർഷ പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് കോഴ്സുകളിലെ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.

ടി.വി. ഡയറക്‌ഷൻ, ഇലക്‌ട്രോണിക് സിനിമറ്റോഗ്രഫി, വീഡിയോ എഡിറ്റിങ്, സൗണ്ട് റെക്കോഡിങ് ആൻഡ് ടെലിവിഷൻ എൻജിനിയറിങ് എന്നീ സവിശേഷമേഖലകളിലാണ് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ (എ.ഐ.സി.ടി.ഇ.) അംഗീകാരമുള്ള ടെലിവിഷൻ പി.ജി. സർട്ടിഫിക്കറ്റ് കോഴ്സുകളുള്ളത്.

ഏതെങ്കിലും വിഷയത്തിൽ ബാച്ച്‌ലർ ബിരുദം/തത്തുല്യയോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാ കോഴ്സിന്റെ അന്തിമവർഷ പരീക്ഷ അഭിമുഖീകരിച്ച് ഫലം കാത്തിരിക്കുന്നവർക്ക് മാർച്ച് 10-നകം യോഗ്യത തെളിയിക്കണമെന്ന വ്യവസ്ഥയ്ക്കു വിധേയമായി അപേക്ഷിക്കാം.

റിട്ടൺ ടെസ്റ്റ്, ഓറിയന്റേഷൻ, ഇൻറർവ്യൂ എന്നിവ അടങ്ങുന്ന രണ്ടുഘട്ട സെലക്‌ഷൻ പ്രക്രിയവഴിയാണ് പ്രവേശനം. ആദ്യഘട്ടം ഫെബ്രുവരി 11-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ നടത്തുന്ന എഴുത്തുപരീക്ഷയാണ്. മൂന്നുമണിക്കൂർ ദൈർഘ്യമുള്ള 100 മാർക്കിന്റെ പരീക്ഷയ്ക്ക് രണ്ടു പേപ്പറുകളുണ്ടാകും. പേപ്പർ 1-ൽ ഭാഗം എ-യിൽ ഒരു ഉത്തരമുള്ള, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും (20 മാർക്ക്), ഭാഗം ബി-യിൽ ഒന്നോ ഒന്നിൽക്കൂടുതലോ ഉത്തരങ്ങളുള്ള മൾട്ടിപ്പിൾ സെലക്ട് ചോദ്യങ്ങളും (20 മാർക്ക്) ഉണ്ടായിരിക്കും.

രണ്ടാം പേപ്പറിൽ വിവരണാത്മകരീതിയിൽ ഉത്തരം നൽകേണ്ട, പരമാവധി 60 മാർക്കുള്ള ഡിസ്‌ക്രിപ്റ്റീവ് ചോദ്യങ്ങളുണ്ടാകും. സിലബസ്, ചോദ്യഘടന, മൂല്യനിർണയരീതി തുടങ്ങിയ വിശദാംശങ്ങൾ www.ftii.ac.in/announcement -ലെ പ്രവേശന വിജ്ഞാപന ലിങ്കിലെ അഡ്മിഷൻ പേജിലെ പരീക്ഷാ സ്കീമിൽ ലഭിക്കും. എഴുത്തുപരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് രണ്ടാംഘട്ടത്തിൽ, എഫ്.ടി.ഐ.ഐ.യിൽവെച്ച് ഓറിയന്റേഷൻ, ഇൻറർവ്യൂ എന്നിവയുണ്ടാകും.

അപേക്ഷ www.ftii.ac.in/announcement വഴി അഡ്മിഷൻ പേജിലെ ലിങ്ക് വഴി ഫെബ്രുവരി നാലിന് രാത്രി 11.30 വരെ നൽകാം. ഒരാൾക്ക് ഒരു കോഴ്സിലേക്കേ അപേക്ഷിക്കാൻ കഴിയൂ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!