ക്യാമറയിലെ പിഴ ചോദിച്ച് വ്യാജന്‍മാരും ഇറങ്ങിയിട്ടുണ്ട്; വാഹന ഉടമകള്‍ സൂക്ഷിക്കുക

‘എ.ഐ. ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ട്, പിഴയടയ്ക്കണം’ എന്ന സന്ദേശം വന്നാല്‍ ഓണ്‍ലൈനായി പണമടയ്ക്കുന്നതിനു മുമ്പ് ഒന്നുശ്രദ്ധിക്കാം. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹന്‍ സേവ വെബ്സൈറ്റിനും വ്യാജനുണ്ടെന്ന് അധികൃതര്‍ പറയുന്നു.
വാഹനങ്ങളുമായും ഡ്രൈവിങ് ലൈസന്‍സുമായും ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ക്ക് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുമ്പോഴും ഇ-ചലാന്‍ മുഖേന ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയടയ്ക്കുമ്പോഴും വ്യാജ വെബ്‌സൈറ്റുകളെ കരുതിയിരിക്കണം.
സമാനപേരുള്ള പല വെബ്സൈറ്റുകളുണ്ടെന്നും മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നു. ചെറിയതുകയായതിനാല്‍ പലരും പരാതി നല്‍കാറില്ല. ഓണ്‍ലൈന്‍ വഴി പിഴയടയ്ക്കാനുള്ള സംവിധാനം വന്നതോടെയാണ് പുതിയ തട്ടിപ്പും വന്നത്.
നിയമലംഘനങ്ങള്‍ക്ക് പിഴയടയ്ക്കാന്‍ ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹന്‍ സേവ എന്ന സൈറ്റ് വഴിയോ https://echallan.parivahan.gov.in എന്ന ലിങ്ക് വഴിയോ ശ്രമിക്കുക. ഇ-ചലാന്‍ നോട്ടീസില്‍ ക്യൂ.ആര്‍. കോഡുമുണ്ടാകും. ഈ ക്യു.ആര്‍. കോഡ് സ്‌കാന്‍ചെയ്തു മാത്രം പിഴയടയ്ക്കുക. തട്ടിപ്പുസന്ദേശങ്ങള്‍ വന്നാല്‍ അധികൃതരെ അറിയിക്കണം.