നാടും നഗരവും ചുറ്റി കരടി; പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല

പനമരം : വയനാട്ടിൽ വനപാലകരെയും നാട്ടുകാരെയും വട്ടംകറക്കി ജനവാസ മേഖലകളിൽ കറങ്ങുന്ന കരടിയെ ബുധനാഴ്‌ചയും പിടികൂടാനായില്ല. ചൊവ്വ രാത്രി തരുവണ കക്കടവിൽ വനപാലകരുടെ മയക്ക് വെടിയിൽനിന്ന് രക്ഷപ്പെട്ട് കുന്നിൻമുകളിലേക്ക് ഓടിക്കയറിയ കരടിയെ പിന്നീട് കണ്ടത് പതിനഞ്ച് കിലോമീറ്ററോളം അകലെ പനമരത്താണ്. ബുധൻ പുലർച്ചെ മൂന്നരയോടെ റോഡരികിൽ വാഹനയാത്രക്കാരാണ് കരടിയെ കണ്ടത്. പനമരം കീഞ്ഞുകടവിലെ പലചരക്ക് കടയിലെ സി.സി.ടി.വി.യിൽ കരടിയുടെ ദൃശ്യം പതിഞ്ഞു.
കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ബുധൻ രാവിലെ മുതൽ പ്രദേശത്ത് വനപാലകരും ആർ.ആർ.ടി സംഘവും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ട് സംഘങ്ങളായി മാത്തൂര്‍വയല്‍, മാതംകോട്, കീഞ്ഞുകടവ്, ചെറുപാലം, കരിവാളം പ്രദേശങ്ങളിൽ വൈകിട്ടുവരെ തിരഞ്ഞു. കീഞ്ഞുകടവിൽനിന്ന് പുഴകടന്ന് കുറുവ ദ്വീപ് വനമേഖലയിലേക്ക് കരടി പോകാനുള്ള സാധ്യതയും വനപാലകർ കാണുന്നുണ്ട്. കരടി വനത്തിലേക്ക് കടക്കുമെന്ന പ്രതീക്ഷയാണുള്ളത്. കരടിയെ കണ്ട പ്രദേശങ്ങളിലെല്ലാം വനംവകുപ്പും പൊലീസും ജാഗ്രത പുലർത്തുന്നുണ്ട്. മയക്കുവെടി വെക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു.
മാനന്തവാടി നഗരസഭയിലെ പയ്യമ്പള്ളി മുട്ടങ്കരയിലെ ജനവാസ മേഖലയിൽ 21ന് രാത്രിയാണ് കരടിയെ കണ്ടത്. പിന്നീട് മൂന്ന് ദിവസമായി നാട് ചുറ്റുകയാണ്. വീടുകൾക്കുള്ളിൽ കയറി. പീച്ചങ്കോട് ഗവ. എൽപി സ്‌കൂളിലെ പാചകമുറിയിലും കൊമ്മയാട് സെയ്ന്റ് സെബാസ്‌റ്റ്യൻസ് ദേവാലയം ഇടവക വികാരിയുടെ വീടിന്റെ അടുക്കളയിലുമെത്തി.
ബുധൻ പകൽ കരടിയെ ജനവാസമേഖലകളിൽ കാണാത്തത് വനത്തിലേക്ക് കടന്നതിനാലാകാമെന്നാണ് വനം അധികൃതരുടെ നിഗമനം. മാനന്തവാടി നഗരസഭ, എടവക, വെള്ളമുണ്ട, പനമരം പഞ്ചായത്ത് പരിധികളിലെല്ലാം കറങ്ങി. ആളുകൾ ഭീതിയിലാണ്. വനപാലകരും വിശ്രമമില്ലാതെ കരടിക്ക് പിന്നാലെയാണ്.