കൊട്ടിയൂർ: കൊട്ടിയൂർ നിവാസികൾക്കും വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങൾക്കും ഒരുപോലെ
പ്രയോജനപ്പെടുന്ന നീണ്ടുനോക്കി പാലത്തിന്റെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 6.43 കോടിയാണ് പാലത്തിന്റെ നിർമ്മാണ ചെലവ്. 4.25 കോടി രൂപ പാലം പണിക്കും. ബാക്കി തുക അനുബന്ധ പ്രവൃത്തികൾക്കുമുള്ളതാണ്.
പന്നിയാംമല, ഒറ്റപ്ലാവ്, പാലുകാച്ചി തുടങ്ങിയ പ്രദേശത്തുള്ളവർക്ക് ഏറെ പ്രയോജനകരമാണ് ഈ പാലം. പഴയ പാലം പൊളിച്ചാണ് പുതിയ പാലത്തിന്റെ പ്രവൃത്തി ആരംഭിച്ചത്.
ജനകീയ കൂട്ടായ്മയിലൂടെ ബാവലിപ്പുഴയിൽ നിർമ്മിച്ചിരിക്കുന്ന താത്കാലിക പാലത്തെയാണ് നിലവിൽ പ്രദേശവാസികൾ ആശ്രയിക്കുന്നത്. പുതിയ പാലത്തിന്റെ നിർമാണം 2022 ഡിസംബറിലാണ് തുടങ്ങിയത്. തൂണുകളുടെ അടിത്തറ നിർമ്മിക്കുന്നതിനായി കുഴിയെടുത്തപ്പോൾ പാറ കാണാതെ വന്നതിനെത്തുടർന്ന് ഡിസൈനിൽ മാറ്റം വരുത്തേണ്ടി വന്നതിനാൽ അധികം വൈകാതെ പണികൾ നിലയ്ക്കുകയായിരുന്നു. മഴ കനത്തതും ഒന്നര മാസക്കാലത്തെ ക്വാറി സമരവുമെല്ലാം പണികൾ വൈകുന്നതിന് കാരണമായി. തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറോടെയാണ് പ്രവൃത്തി പുനരാരംഭിച്ചത്.
41 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള ഒറ്റ സ്ലാബായി കോൺക്രീറ്റ് പൂർത്തിയാക്കിയതെന്ന പ്രത്യേകതയും ഈ പാലത്തിന്നുണ്ട്. 4 തൂണുകളുള്ള പാലത്തിന്റെ രണ്ട് തൂണുകൾ പാറ കാണാത്തതിനെത്തുടർന്നാണ് 16 മീറ്റർ താഴ്ചയിൽ പൈലിംഗ് നടത്തി നിർമ്മിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം പാലത്തിന്റെ സ്ലാബ് കോൺക്രീറ്റ് പ്രവൃത്തി പുർത്തിയാക്കി. പാലം ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ കെ.എം.ഹരീഷ്, അസി.എക്സിക്യുട്ടീവ് എൻജിനിയർ ജി.എസ്.ജ്യോതി, അസി.എൻജിനിയർ ബിനോയ്, ഓവർസീയർ പി.പി.രമ്യ, കോൺട്രാക്ടർ അബ്ദുൾ ഖാദർ, പാലം കമ്മിറ്റി അംഗം അഗസ്റ്റിൻ ചക്കാലയിൽ, സൈറ്റ് ഇൻചാർജ് കെ.വി.ബൈജു തുടങ്ങിയവരുടെ മേൽനോട്ടത്തിൽ രാവിലെ തുടങ്ങിയ കോൺക്രീറ്റ് പ്രവൃത്തി വൈകുന്നേരത്തോടെ പൂർത്തീകരിച്ചു.
പാലത്തിന്റെ കൈവരികളുടെയും, നടപ്പാതയുടെയും, അനുബന്ധ റോഡിന്റെയും പണിയാണ് ഇനി അവശേഷിക്കുന്നത്. അനുബന്ധ റോഡിനായി 26 പേരിൽ നിന്നും 19 സെന്റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. നീണ്ടുനോക്കി ഭാഗത്ത് 145 മീറ്ററും, കൊട്ടിയൂർ ഭാഗം 120 മീറ്ററും. വളയഞ്ചാൽ ഭാഗത്തേക്ക് 50 മീറ്റർ ദൂരത്തിലുമാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. ഇതിൻ്റെ ഭാഗമായി ചില കടകൾ ഭാഗികമായി പൊളിച്ചുനീക്കേണ്ടതായുണ്ട്. കൊട്ടിയൂർ ഉത്സവത്തിന് മുമ്പ് പാലം പണി പൂർത്തിയാകുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
സമാന്തര റോഡ് പണിയും പുരോഗമിക്കുന്നു
കൊട്ടിയൂരിലെ പ്രധാന ടൗണായ നീണ്ടുനോക്കിയേയും, പുഴയ്ക്കക്കരെയുള്ള സമാന്തര റോഡിനെയും ബന്ധിപ്പിക്കുന്നതാണ് നീണ്ടുനോക്കി പാലം. വൈശാഖ മഹോത്സവ കാലത്ത് മലയോര ഹൈവേയിൽ ഗതാഗത കുരുക്കുണ്ടാകുമ്പോൾ ഭക്തജനങ്ങൾ ആശ്രയിക്കുന്നത് സമാന്തര പാതയേയാണ്. പ്രധാനമന്ത്രി ഗ്രാമസഡക് യോജനയിൽ ഉൾപ്പെടുത്തി 11.670 കിലോമീറ്റർ സമാന്തര റോഡിന്റെ പണിയും പുരോഗമിക്കുകയാണ്.
ദ്രുതഗതിയിൽ പണി നടന്നതിനാൽ സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അനുബന്ധ റോഡിനായി സ്ഥലം ഏറ്റെടുക്കുന്ന നടപടികളുമായി റവന്യു വകുപ്പ് മുന്നോട്ട് പോകുന്നുണ്ട്. സ്ഥലം ഏറ്റെടുത്തു നൽകിയാൽ വരുന്ന വൈശാഖ മഹോത്സവത്തിനുള്ളിൽ പാലം പ്രവൃത്തി പൂർത്തീകരിക്കാനാകും.
കെ.എം. ഹരീഷ്,
എക്സി. എൻജിനീയർ, പി.ഡബ്‌ള്യു.ഡി പാലം ഡിവിഷൻ