പിന്നാക്ക കുടുംബങ്ങളിൽ നിന്നുള്ള 1000 വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ ‘വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം’

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ പഠിച്ചിറങ്ങിയ പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള 1000 വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം നൽകുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു. പുരസ്കാരങ്ങൾ 25ന് വൈകിട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മ നേടിയെടുക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന കാൽവെയ്പ്പാണ് പുരസ്കാരങ്ങളെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചടങ്ങിൽ മന്ത്രി ആർ. ബിന്ദു അധ്യക്ഷയാകും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തും.
വിവിധ സർവ്വകലാശാലകളിൽ 2020-21 വിദ്യാഭ്യാസ വർഷത്തിൽ പഠിച്ചിറങ്ങിയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പ്രതിഭാധനരായ ആയിരം വിദ്യാർത്ഥികൾക്ക് ‘മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം’ നൽകിയിരുന്നു. ഇതിനു തുടർച്ചയായാണ് 2021-22 വിദ്യാഭ്യാസ വർഷം പഠിച്ചിറങ്ങിയ ആയിരം പ്രതിഭാധനരായ വിദ്യാർത്ഥികൾക്ക് പുരസ്കാരം നൽകുന്നത്.
രണ്ടര ലക്ഷം രൂപയിൽ കുറവ് വാർഷിക കുടുംബ വരുമാനമുള്ള ആയിരം വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നൽകുന്ന ഈ പദ്ധതി രാജ്യത്തുതന്നെ ആദ്യമായാണ്. ഓരോ സർവ്വകലാശാലയിലും വിവിധ പഠന വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്കോടെ ബിരുദം നേടിയിറങ്ങിയവർക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം.
2021-22 വിദ്യാഭ്യാസ വർഷത്തെ പുരസ്‌കാരത്തിന് ലഭിച്ച 5083 അപേക്ഷകരിൽ നിന്നാണ് പഠന മികവിന്റെയും വാർഷിക വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ ആയിരം പേരെ തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ പന്ത്രണ്ട് സർവ്വകലാശാലകളിൽ നിന്നുള്ളവരാണ് ഈ ആയിരം പേർ – മന്ത്രി വ്യക്തമാക്കി.