51 വർഷം പഴക്കമുള്ള വീടിന് ഏർപ്പെടുത്തിയ സെസ് ഒഴിവാക്കി

കേളകം : നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് അടയ്ക്കാൻ നോട്ടീസ് ലഭിച്ച ചുങ്കക്കുന്ന് സ്വദേശി പൊതനപ്ര തോമസിന്റെ സെസ് ഒഴിവാക്കിയതായി ജില്ല അസി. ലേബർ ഓഫീസർ അറിയിച്ചു. കേളകം പഞ്ചായത്തിൽ നിന്നും ലഭിച്ച സാക്ഷ്യപത്രം തോമസ് ഹാജരാക്കിയതോടെയാണ് 51 വർഷം മുൻപ് നിർമിച്ച വീടിന്റെ സെസ് ഒഴിവാക്കിയത്.
കെട്ടിടത്തിന്റെ നിർമാണച്ചെലവ് 41,26,410 രൂപ വരുമെന്നും ഇതിന്റെ ഒരു ശതമാനമായ 41,264 രൂപ നിർമാണ തൊഴിലാളി ക്ഷേമനിധി സെസായി അടയ്ക്കണമെന്നുമായിരുന്നു തൊഴിൽവകുപ്പിന്റെ നോട്ടീസ്. താലൂക്ക് ഓഫീസിൽനിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സെസ് കണക്കാക്കുന്നതെന്ന് അസി. ലേബർ ഓഫീസർ പറഞ്ഞു. വീടിന്റെ പിന്നിലെ ചാർത്തിനും തോമസ് ഷീറ്റ് ഇട്ടിരുന്നു. ഇതിന്റെ നിർമാണച്ചെലവ് 10 ലക്ഷം രൂപയിൽ താഴെയായതിനാൽ ഇതിന്റെ സെസും ഒഴിവാക്കാൻ സാക്ഷ്യപത്രം ഹാജരാക്കുമെന്ന് തോമസ് പറഞ്ഞു.