കർഷകരുടെ ട്രാക്ടർ റാലി 26ന്

കണ്ണൂർ:കർഷക സമരവുമായി ബന്ധപ്പെട്ട ഒത്തുതീർപ്പ് വ്യവസ്ഥകൾ മോദി സർക്കാർ ലംഘിച്ചതിൽ പ്രതിഷേധിച്ച് സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാന പ്രകാരം 26ന് ജില്ലാ കേന്ദ്രങ്ങളിൽ ട്രാക്ടർ റാലി സംഘടിപ്പിക്കും. കണ്ണൂർ വിളക്കുംതറ മൈതാന പരിസരത്ത് നിന്ന് വൈകീട്ട് മൂന്നിന് തുടങ്ങുന്ന റാലി നാലിന് കണ്ണൂർ ഹെഡ്‌പോസ്റ്റോഫിസിന് മുന്നിൽ സമാപിക്കും.
സയുക്ത കർഷക സമിതി സംസ്ഥാന കൺവിനർ വത്സൻ പനോളി ഉദ്ഘാടനം ചെയ്യും. കാർഷികോത്പന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമ നിർമാണം നടത്തുക, കർഷക സമരത്തിൽ മരിച്ചവരുടെ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, കർഷക സമരത്തിൽ ഭാഗമായെടുത്ത കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റാലി.
റാലിയുടെ പ്രചരണാർഥം 25ന് വൈകീട്ട് വില്ലേജ് കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തും. വാർത്താസമ്മേളനത്തിൽ ജില്ലാ കൺവിനർ എം. പ്രകാശൻ, എ. പ്രദീപനും, പി. ഗോവിന്ദൻ, കെ.ടിഹംസ ഹാജി എന്നിവർ പങ്കെടുത്തു.