പാഠപുസ്തകങ്ങൾ നേരത്തേ എത്തും; സ്‌കൂൾ തുറക്കുന്നതിനു രണ്ടാഴ്‌ചമുമ്പ്‌ വിതരണം പൂർത്തിയാക്കും

Share our post

കൊച്ചി: പാഠപുസ്തകങ്ങളുടെ അച്ചടി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന്‌ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. 15 ശതമാനം അച്ചടി പൂർത്തിയായി. മുൻവർഷം ഇതേസമയം മൂന്ന് ശതമാനമാണ്‌ പൂർത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു. കാക്കനാട് കേരള ബുക്‌സ്‌ ആൻഡ്‌ പബ്ലിഷിങ്‌ സൊസൈറ്റി (കെ.ബി.പി.എസ്) സന്ദർശിച്ച്‌ അച്ചടിയുടെ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞവർഷം ഉദ്ദേശിച്ച സമയത്തുതന്നെ പുസ്തകം വിദ്യാലയങ്ങളിൽ എത്തിച്ചിരുന്നു. ഇത്തവണ അതിനേക്കാൾ നേരത്തേ അച്ചടി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ഇതിന്‌ അധിക സൗകര്യങ്ങൾ ആവശ്യമെങ്കിൽ ഒരുക്കും. രണ്ട്‌, നാല്‌, ആറ്‌, എട്ട്‌, പത്ത്‌ ക്ലാസുകളിൽ പഴയ പാഠപുസ്തകങ്ങളാണ്. ഒന്ന്‌, മൂന്ന്‌, അഞ്ച്‌, ഏഴ്‌, ഒമ്പത്‌ ക്ലാസുകളിൽ പുതിയ പാഠപുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്. ആകെ 3.5 കോടിയിലേറെ പുസ്തകങ്ങൾ വേണം. പുതിയ പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കുന്നതിന് രണ്ടാഴ്ചമുമ്പ്‌ വിതരണം ചെയ്യും. പഴയ പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കുന്നതിന് ഒരുമാസംമുമ്പും വിതരണത്തിന്‌ തീരുമാനമായി.

പാഠപുസ്തക പരിഷ്കരണം ദേശീയതലത്തിൽ ശ്രദ്ധ നേടിയതായി വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനത്ത് പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾക്കൊള്ളിക്കുന്നത്. ഭരണഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കുന്ന കാലത്താണിതെന്നത് ശ്രദ്ധേയമാണ്. ഏകകണ്ഠമായാണ് പാഠപുസ്തകങ്ങൾക്ക് കരിക്കുലം കമ്മിറ്റി അംഗീകാരം നൽകിയതെന്നും മന്ത്രി പറഞ്ഞു.

രണ്ട്‌, നാല്‌, ആറ്‌, എട്ട്‌, പത്ത്‌ ക്ലാസുകളിലെ പാഠപുസ്തക പരിഷ്കരണം 2025 ജൂണിൽ യാഥാർഥ്യമാകുമെന്ന് എസ്‌.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ് അറിയിച്ചു. പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എസ്. ഷാജഹാൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!