അറ്റകുറ്റപ്പണി പൂർത്തിയായി; പറശ്ശിനിക്കടവ് പാലം നാളെ തുറക്കും

പറശ്ശിനിക്കടവ് : അറ്റകുറ്റപ്പണി പൂർത്തിയായ പറശ്ശിനിക്കടവ് പാലം ബുധനാഴ്ച രാവിലെ ഗതാഗതത്തിന് തുറന്നുകൊടുക്കും. ഡിസംബർ ആറിനാണ് പാലം പൂർണമായി അടച്ചിട്ടത്. 50 ദിവസം പാലം അടച്ചിട്ടതോടെ നൂറുകണക്കിനാളുകളാണ് യാത്രാക്ലേശത്താൽ വലഞ്ഞത്.
ഒന്നരപ്പതിറ്റാണ്ടായി അറ്റകുറ്റപ്പണി പോലും നടത്താത്ത പാലത്തിലൂടെയുള്ള യാത്ര ദുഷ്കരമായിരുന്നു. കാൽനടയാത്ര പോലും ദുസ്സഹമായയോടെയാണ് ശക്തമായ പ്രതിഷേധമുയർന്നത്. ഒടുവിൽ 81 ലക്ഷം രൂപ പാലം നവീകരണത്തിന് അനുവദിക്കുകയായിരുന്നു.
ജലസേചനവകുപ്പിന്റെ കീഴിലാണ് പാലം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയത്. പാലത്തിലെ റീടാറിങ് പ്രവൃത്തിക്കൊപ്പം സ്ലാബുകളുടെ തകരാർ പരിഹരിക്കുകയും കൈവരികൾ നവീകരിക്കുകയും ചെയ്തു. എക്സ്പാൻഷൻ ജോയിന്റുകൾ ബലപ്പെടുത്തി.
പാലത്തിന്റെ മുകളിലുണ്ടായിരുന്ന പഴയ ടാറിങ് പാളി പൂർണമായി ആദ്യഘട്ടത്തിൽ തന്നെ മാറ്റിയിരുന്നു. പറശ്ശിനിഭാഗത്തുനിന്ന് മയ്യിൽ, കൊളച്ചേരി, കണ്ണൂർ വിമാനത്താവളം എന്നിവിടങ്ങളിലേക്കും തിരിച്ച് പറശ്ശിനിക്കടവ്, തളിപ്പറമ്പ് ഭാഗത്തേക്കും എളുപ്പം എത്തിച്ചേരാൻ പാലം വഴിയൊരുക്കിയിരുന്നു. അടച്ചിട്ടതോടെ ആറുകിലോമീറ്ററോളം ചുറ്റി പൂവത്തുംകുന്ന്, നണിച്ചേരി പാലം വഴിയാണ് ദിവസങ്ങളായി ബസുകൾ അടക്കം സർവീസ് നടത്തിയത്.